ADVERTISEMENT

ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോടിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കണ്ടെയ്നർ ലോറിയുടെ പിറകിൽ ടോറസ് ലോറി ഇടിച്ചു കയറി 2 പേർക്കു പരുക്കേറ്റു. 3 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക‌ാണു പരുക്കേറ്റത്. പുലർച്ചെ 4.45നായിരുന്നു അപകടം. ബൈപാസ് കവലയിൽ നിന്നു മേൽപാലം കടന്നെത്തിയ കണ്ടെയ്നർ ലോറി സിഗ്നൽ തെളിയാൻ കാത്തു കിടക്കുമ്പോൾ അതിവേഗം എത്തിയ ടോറസ് ലോറി, കണ്ടെയ്നർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ കണ്ടെയ്നർ ലോറി, തൊട്ടു മുന്നിൽ ഉണ്ടായിരുന്ന മറ്റൊരു ടോറസ് ലോറിയുടെ പിന്നിൽ ഇടിച്ചു. കണ്ടെയ്നർ ലോറിയുടെയും പിന്നിൽ വന്ന ടോറസിന്റെയും മുൻഭാഗം തകർന്നു. എൻജിൻ ഭാഗങ്ങൾക്കു കേടുപറ്റി.

പരുക്കേറ്റ ഡ്രൈവർമാരെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 5 മുതൽ 8 വരെയാണു ഗതാഗതം തടസ്സപ്പെട്ടത്. പൊലീസ് റിക്കവറി വാഹനങ്ങൾ കൊണ്ടുവന്ന് അപകടത്തിൽ പെട്ട ലോറികൾ മാറ്റിയിട്ടു. കണ്ടെയ്നർ ലോറിയുടെ ഉയരക്കൂടുതൽ മൂലം ചുവപ്പു സിഗ്നൽ തെളിഞ്ഞു കിടന്നതു കണ്ടില്ലെന്നാണു ടോറസ് ലോറിയുടെ ഡ്രൈവർ പൊലീസിനു നൽകിയ മൊഴി. അപകടത്തെ തുടർന്നു 2 ലോറികളിൽ നിന്നും എൻജിൻ ഓയിൽ ദേശീയപാതയിൽ പരന്നൊഴുകി. ഇരുചക്രവാഹന യാത്രികർ തെന്നിവീണു. അഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com