ADVERTISEMENT

ശ്രീമൂലനഗരം∙ ചൊവ്വര എംഎൽഎ റോഡിലെ തൊണ്ടിക്കടവ് പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ അടിയിലെ കൽക്കെട്ടും മണ്ണും ഇടിഞ്ഞു പോയി. പാലത്തിന്റെ അടിഭാഗത്തും ഭിത്തിയിലും വിള്ളൽ വീണിട്ടുണ്ട്. പാലത്തിന്റെ മുകളിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങി. പാലം അൽപം താഴേക്ക് ഇരുന്നിട്ടുണ്ട്. വാഹനങ്ങൾ പാലത്തിൽ എത്തുമ്പോൾ താഴേക്ക് അൽപം ചാടിയാണ് പോകുന്നത്. ഇതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം അപകടകരമായി. പി‍ഡബ്ല്യുഡി പാലം അടച്ചു കെട്ടുകയും പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ച് ബോർഡ് വയ്ക്കുകയും ചെയ്തു.

എന്നാൽ തടസ്സങ്ങൾ എടുത്തുമാറ്റി ഭാരം കയറ്റിയ ലോറികൾ ഉൾപ്പെടെ ഇതിലെ പോകുന്നു. ഇത് വലിയ അപകടത്തിലേക്കു നയിക്കുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. തൊണ്ടിക്കടവ് തോടിനു കുറുകെയുള്ള ചെറിയ പാലം വർഷങ്ങൾ പഴക്കമുള്ളതാണ്. പാടശേഖരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളം ഈ തോട് വഴിയാണു പെരിയാറിൽ എത്തുന്നത്. ഈ ഭാഗത്തുള്ള അനേകം ഇഷ്ടിക കളങ്ങളിൽ നിന്നു ഭാരം കയറ്റിയ ലോറികൾ നിരന്തരം സഞ്ചരിക്കുന്ന വഴിയാണിത്. തിരുവൈരാണിക്കുളം ഭാഗത്തു നിന്നു ചൊവ്വരയിലേക്ക് ഇതിലെ വേഗം എത്താം.

അതിനാൽ ധാരാളം വാഹന സഞ്ചാരമുള്ള വഴിയാണിത്. പിഡബ്ല്യുഡിയുടെ അധീനതയിൽ ഉള്ളതാണ് ഈ പാലവും റോഡും.പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, അംഗങ്ങളായ കെ.പി.സുകുമാരൻ ,സിമി ജിജോ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദർശിച്ച് അപകടാവസ്ഥ വിലയിരുത്തി. പാലത്തിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പാലം പുനർനിർമിക്കുന്നതിനു പിഡബ്ല്യുഡി അടിയന്തര നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com