ഭവനസന്ദർശനത്തിന് കൂട്ടത്തോടെ യുഡിഎഫ് നേതാക്കൾ

ernakulam-congress-leaders
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനായി ചെമ്പുമുക്കിൽ നടന്ന യുഡിഎസ്എഫ് റോഡ് ഷോയിൽ നിന്ന്. കെ.എം. അഭിജിത്, ഹൈബി ഈഡൻ എംപി, റോഡ് ഷോ ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാൽ എംപി, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയവർ മുൻ‍നിരയിൽ.
SHARE

കൊച്ചി ∙ തൃക്കാക്കരപ്പോരു കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ ബൂത്തുതല പ്രചാരണം നയിക്കാൻ പ്രമുഖ നേതാക്കളെ കൂട്ടത്തോടെ രംഗത്തിറക്കി യുഡിഎഫിന്റെ നാടിളക്കൽ. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കു വിവിധ കാരണങ്ങളാൽ ബൂത്തു സന്ദർശനത്തിനു കഴിഞ്ഞില്ല. 

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ ഭവന സന്ദർശന പര്യടനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വെണ്ണല 19-ാം നമ്പർ ബൂത്തിലെ ആലിൻചുവട്ടിൽ നിന്നാണു പ്രചാരണം തുടങ്ങിയത്. രമേശ് ചെന്നിത്തല തമ്മനം 17- ാം നമ്പർ ബൂത്തിലും, യുഡിഎഫ് കൺവീനർ എം.എം. ഹസൻ തൃക്കാക്കര 17- ാം നമ്പർ ബൂത്തിലും, ‍കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ ഇടപ്പള്ളി 15- ാം നമ്പർ ബൂത്തിലും പ്രചാരണം നയിച്ചു. ഇടപ്പള്ളി ബൂത്തിൽ കെ. മുരളീധരനു പുറമേ, പി.കെ.ബഷീർ എംഎൽഎ, വി.എസ്. ശിവകുമാർ, ജോസ് വെള്ളൂർ, പാലോട് രവി എന്നിവരുമെത്തി. 

പാലാരിവട്ടം ബൂത്തിൽ എംപിമാരായ ഹൈബി ഈഡൻ, ആന്റോ ആന്റണി, എംഎൽഎമാരായ എ.പി. അനിൽകുമാർ, നജീബ് കാന്തപുരം, മാണി സി.കാപ്പൻ എന്നിവരായിരുന്നു അമരക്കാർ. വെണ്ണലയിൽ കെ.സി. വേണുഗോപാലിനു പുറമേ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ഷംസുദ്ദീൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ എന്നിവരും, വൈറ്റിലയിൽ എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ജെബി മേത്തർ, എംഎൽഎമാരായ മോൻസ് ജോസഫ്, എം.വിൻസന്റ്, എഐസിസി പ്രതിനിധി ദീപിക സിങ് രജാവത്ത്, എം.ജെ.ജോബ്, ജോണി നെല്ലൂർ, സി.പി. ജോൺ എന്നിവരും വീടു കയറി. 

കടവന്ത്രയിൽ എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, എം.കെ.രാഘവൻ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, കെ.സി. ജോസഫ്, വി.സി.കബീർ, കെ.കെ. ഏബ്രഹാം, സോണി സെബാസ്റ്റ്യൻ, ഡൊമിനിക് പ്രസന്റേഷൻ, പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് എന്നിവരും, പൂണിത്തുറയിൽ എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, സി.ആർ. മഹേഷ് എംഎൽഎ, ജി.ദേവരാജൻ, ഡോ.കെ.എസ്. മനോജ് എന്നിവരും വോട്ടഭ്യർഥിച്ചു. 

തമ്മനത്തു രമേശ് ചെന്നിത്തല, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, സനീഷ് കുമാർ ജോസഫ്, കുറുക്കോളി മൊയ്തീൻ, കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ എന്നിവരായിരുന്നു ചുക്കാൻ പിടിച്ചത്. തൃക്കാക്കര സെൻട്രലിൽ എം.എം. ഹസൻ, വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ ഷാഫി പറമ്പിൽ, എ.കെ.എം. അഷ്റഫ്, കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി എന്നിവരും വോട്ടു തേടി. തൃക്കാക്കര ഈസ്റ്റിൽ രമ്യ ഹരിദാസ് എംപിയും ടി.വി. ഇബ്രാഹിം എംഎൽഎയും ഭവന സന്ദർശനം നടത്തി. 

തൃക്കാക്കര നോർത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ, ജോസഫ് വാഴയ്ക്കൻ, എ.എ.ഷുക്കൂർ, എൻ.എ.നെല്ലിക്കുന്ന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടഭ്യർഥന. തൃക്കാക്കര വെസ്റ്റിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ റോജി എം.ജോൺ, ഐ.സി. ബാലകൃഷ്ണൻ, പി.ഉബൈദുല്ല എന്നിവരാണു പ്രചാരണം നയിച്ചത്. ഘടകകക്ഷി നേതാക്കൾ, കെപിസിസി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, ഐഎൻടിയുസി നേതാക്കൾ, മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ എന്നിവരും വിവിധ ബൂത്തുകളിൽ വോട്ടു തേടിയെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA