ADVERTISEMENT

കൊച്ചി ∙ കുടുംബത്തിന്റെ സ്വസ്ഥത പ്രധാനമായി കാണുന്നവർ ഇടതു സ്ഥാനാർഥിക്കെതിരെ യുഡിഎഫ് നടത്തുന്ന ഹീനമായ പ്രചാരണത്തിനെതിരെ വിധിയെഴുതുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളങ്ങൾ പ്രചരിപ്പിച്ചും അപവാദങ്ങൾ സൃഷ്ടിച്ചും ആരെയെങ്കിലും നിശബ്ദരാക്കാമെന്നു യുഡിഎഫ് കരുതരുതെന്നു പാലാരിവട്ടത്തും ഇടപ്പള്ളിയിലും നടത്തിയ പൊതുയോഗങ്ങളിൽ പിണറായി ഓർമിപ്പിച്ചു. ഓരോ കൂട്ടരും അവരവരുടെ സംസ്കാരം കാണിക്കും. എന്നാലും യുഡിഎഫ് ഇത്ര ഹീനമായ രീതിയിൽ അധഃപതിക്കരുതായിരുന്നു. തങ്ങളുടെ കുടുംബം എന്തു തെറ്റാണു ചെയ്തതെന്നു ഡോ. ജോ ജോസഫിന്റെ ഭാര്യയ്ക്കു ചോദിക്കേണ്ടിവന്നു.

മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ പ്രചാരണത്തിനു വോട്ടർമാർ യുഡിഎഫിനോടു കണക്കു ചോദിക്കും. ഇൗ ഒറ്റ കാരണം കൊണ്ടുതന്നെ യുഡിഎഫിന് വോട്ട് ചെയ്തിരുന്ന കുടുംബങ്ങൾ എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കും. പൊലീസ് ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാവുമെന്നാണു യുഡിഎഫ് പറയുന്നത്. ശരിയായ അന്വേഷണം തന്നെ നടത്തുന്നുണ്ട്. അശ്ലീല വീഡിയോ പ്രചരിപ്പിച്ച ചിലർ പിടിയിലായി. ഇനി ആരൊക്കെ എന്നു കണ്ടറിയാം.

പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ കേരളത്തിന് അനുവദിച്ച പദ്ധതികൾ നല്ല രീതിയിൽ നടപ്പാക്കിയതിനു എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച എ.കെ. ആന്റണി, യുഡിഎഫ് ഭരണകാലത്ത് അത്തരം പദ്ധതികൾ കൊണ്ടുവരാനുള്ള ധൈര്യം തനിക്കു ചോർന്നുപോയെന്നു പറഞ്ഞത് ഓർക്കുന്നുണ്ടോ എന്നു പിണറായി ചോദിച്ചു. ദുരന്തഘട്ടങ്ങളിൽ പോലും സർക്കാരിനൊപ്പം അണിനിരക്കാൻ യുഡിഎഫിനു കഴിഞ്ഞില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പി.സി. ചാക്കോ, ജോസ് കെ. മാണി, സത്യൻ മൊകേരി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സെബാസ്റ്റ്യൻ കളത്തുങ്കൽ എംഎൽഎ, സി.എൻ. മോഹനൻ, എം. അനിൽകുമാർ, ജോസ് തെറ്റയിൽ, പി.എസ്. സതീഷ്, ജോജി കുരീക്കോട് അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com