ADVERTISEMENT

മൂവാറ്റുപുഴ∙ തോട്ടഞ്ചേരി പാലം പുനർനിർമിക്കാൻ വൈകുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക. കോവിഡിനെ തുടർന്ന്  2 വർഷമായി അടഞ്ഞു കിടന്ന സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളെ സ്കൂളിലയക്കാൻ കുത്തിയൊഴുകുന്ന കാളിയാർ പുഴയിലൂടെ വള്ളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്‌ രക്ഷിതാക്കൾ. അല്ലെങ്കിൽ കിലോമീറ്ററുകൾ കറങ്ങി 2 ബസുകൾ കയറേണ്ടിവരും. ഫണ്ട് അനുവദിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി തൂക്കുപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. തുക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടു ഒരു വർഷം കഴിഞ്ഞു.

2018ലെ പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർ നിർമിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി 172 ലക്ഷം രൂപ 2020ൽ ആണ് അനുവദിച്ചത്. തുടർ നടപടികൾ നടക്കുന്നതിനിടെയാണ് പുതിയ കോൺക്രീറ്റ് പാലമെന്ന ആശയമുയർന്നത്. ആയവന പഞ്ചായത്തിലെ കടുംപിടിയെയും– തോട്ടഞ്ചേരിയെയും ബന്ധിപ്പിച്ച് കാളിയാർ പുഴയ്ക്കു കുറുകെ നിർമിച്ച തൂക്കുപാലമാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. നാട്ടുകാർ അധികൃതർക്ക്  പരാതി നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെ അന്നത്തെ എംഎൽഎയായിരുന്ന എൽദോ ഏബ്രഹാം ഇടപെട്ട് ഫണ്ട് അനുവദിപ്പിച്ചു. തുടർന്ന് കെൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൂക്കുപാലം പുനർ നിർമിക്കുന്നതിനായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി മറ്റു നടപടികളും പൂർത്തിയാക്കിയിരുന്നു. 

തുടർന്ന് സർക്കാർ മാറി മാത്യു കുഴൽ നാടൻ എംഎൽഎയായി എത്തിയതോടെ തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കാൻ ധാരണയായെങ്കിലും ഇതും എങ്ങും എത്തിയില്ല. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി പ്രകാരമാണ് കോൺക്രീറ്റ് പാലം നിർമിക്കാൻ ധാരണയായത്. പാലം നിർമിക്കാൻ പൊതുജനങ്ങളിൽ നിന്നു സൗജന്യമായി സ്ഥലം ലഭ്യമാക്കേണ്ടി വരും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നതല്ലാതെ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുത്ത് പാലം നിർമാണം പൂർത്തിയാക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റീബിൽഡ് പദ്ധതിയിൽ പെടുത്തി തൂക്കുപാലം എങ്കിലും നിർമിച്ച് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com