ADVERTISEMENT

കൊച്ചി ∙ കാണാതെ പോയ അഞ്ചു മാസം പ്രായമുള്ള വളർത്തു നായയെ കണ്ടെത്തി നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം! പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിൽ വിപിജി ക്ലിനിക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥനാണു തന്റെ പ്രിയപ്പെട്ട ‘മാംഗോ’ എന്ന നായയെ കണ്ടെത്താനായി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു പത്രത്തിൽ പരസ്യം ചെയ്തത്.

പരസ്യം കണ്ടു പലരും അന്വേഷണങ്ങളുമായി വിളിച്ചെങ്കിലും നായ്ക്കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കോമ്പൈ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ മൂന്നു മാസം മുൻപാണു ഡോ. ആനന്ദ് ഗോപിനാഥൻ കോയമ്പത്തൂരിൽ നിന്നു വാങ്ങിയത്. മാംഗോയ്ക്കൊപ്പം ഇതേ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായ്ക്കുട്ടിയെയും വാങ്ങിയിരുന്നു.

മാംഗോയെ കാണാതെ ജാക്കും വിഷമത്തിലാണ്. മറ്റു നായ്ക്കളെയും ആനന്ദും കുടുംബവും വളർത്തുന്നുണ്ട്. 12നു പകലാണു പാലാരിവട്ടം നേതാജി റോഡിലെ വീട്ടിൽ നിന്നു മാംഗോയെ കാണാതായത്. ഗേറ്റ് അടച്ചിരുന്നെങ്കിലും ജോലിക്കാരോ മറ്റോ തുറന്നപ്പോഴായിരിക്കാം നായ പോയതെന്നു സംശയിക്കുന്നു. നായയെ കാണാതാകുമ്പോൾ ഗേറ്റ് തുറന്നു കിടക്കുന്ന നിലയിലായിരുന്നു. സാധാരണ ഗതിയിൽ മാംഗോ അങ്ങനെ പുറത്തേക്കു പോകുന്ന പതിവില്ല. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കോമ്പൈയിൽ ഉത്ഭവിച്ച നാടൻ ഇനമാണ് കോമ്പൈ നായകൾ‌.

കൂർമ ബുദ്ധിയുള്ള ഈ നായകൾ യജമാനനോട് അതീവ വിശ്വസ്തതയുള്ളവരാണ്. ശത്രു സൈന്യത്തിലെ കുതിരകളെ കടിച്ചു പരുക്കേൽപ്പിക്കാനായി പരിശീലനം കിട്ടിയ കോമ്പൈ നായകൾ ടിപ്പു സുൽത്താന്റെയും ഹൈദർ അലിയുടെയും സൈന്യത്തിലുണ്ടായിരുന്നു. തനിക്കേറെ പ്രിയപ്പെട്ട നായയെ കാണാതെ പോയതിലുള്ള സങ്കടം സഹിക്കാൻ കഴിയാവുന്നതിലുമേറെയാണെന്ന് ഡോ. ആനന്ദ് ഗോപിനാഥൻ പറഞ്ഞു. അതുകൊണ്ടാണു പരസ്യം നൽകിയതും കണ്ടെത്തി നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതും. ഇളം ബ്രൗൺ നിറത്തിലുള്ള നായ്ക്കുട്ടിയുടെ കഴുത്തിൽ നീല കോളറും തിരിച്ചറിയൽ മൈക്രോച്ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. 94470 86644.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com