ADVERTISEMENT

വൈപ്പിൻ∙ പഴക്കമേറിയ ബോട്ടുകൾക്കു ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന  സർക്കാർ തീരുമാനം ചെറിയ തടി നിർമിത  ബോട്ടുകളുടെ ഉടമകളെ ആശങ്കയിലാക്കുന്നു.  സർക്കാർ ഉത്തരവ് വരുന്നതിനു മുൻപ് പഴയ ബോട്ടുകൾ വാങ്ങിയവരാണ് ഇപ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരിക്കുന്നത്. 8 വർഷം  പഴക്കമുള്ളതും  തടി കൊണ്ട് നിർമിച്ചതുമായ  ചെറിയ ബോട്ടുകൾക്കും  12 വർഷം  പഴക്കമുള്ള വീൽ ഹൗസുള്ള ചെറിയ ബോട്ടുകൾക്കും പുതിയ ഉത്തരവ് അനുസരിച്ച് ലൈസൻസ് പുതുക്കി ലഭിക്കില്ല. 15 വർഷം പഴക്കമുള്ള ഉരുക്ക് നിർമിത ബോട്ടുകൾക്കും  ലൈസൻസ് പുതുക്കില്ല. 

ചെറിയ തടി ബോട്ടുകളിൽ  ഭൂരിഭാഗവും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ളതാണെന്നും  അവർ തന്നെയാണ് ആ ബോട്ടുകളിലെ തൊഴിലാളികളെന്നും  ചൂണ്ടിക്കാണിക്കപ്പെടുന്നു,  തൊഴിലാളികൾ  ചേർന്നു ബാങ്ക് വായ്പയും  മറ്റും സംഘടിപ്പിച്ചാണ്  ഇത്തരം ബോട്ടുകൾ വാങ്ങുന്നത്. 5 വർഷം എങ്കിലും പണിയെടുത്താൽ  മാത്രമേ  ഇതിന്റെ കടം വീട്ടാൻ കഴിയുകയുള്ളുവെന്നും  തൊഴിലാളികൾ  പറയുന്നു. ഉത്തരവ് ഇറങ്ങുന്നതിനു മുൻപ് പഴയ ബോട്ട് വാങ്ങിയവരും  പഴയ ബോട്ടുകൾ ലക്ഷങ്ങൾ  ചെലവിട്ട് അറ്റകുറ്റപ്പണികൾ  നടത്തിയവർക്കുമാണ് സർക്കാർ നിലപാട് തിരിച്ചടിയായിരിക്കുന്നത്.

പ്രളയം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് എന്നിവയ്ക്കെല്ലാം ശേഷം മത്സ്യബന്ധന മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടയിലാണ് സർക്കാർ ഉത്തരവ് എത്തിയിരിക്കുന്നതെന്നും തൊഴിലാളികൾ  ചൂണ്ടിക്കാട്ടുന്നു. പഴയ ബോട്ടുകളുമായി കടലിൽ പോകുമ്പോൾ  അപകടങ്ങൾ ഉണ്ടാകുമെന്നും രക്ഷാ‌പ്രവർത്തനം സർക്കാരിന് ബാധ്യതയാകുമെന്നും പറഞ്ഞാണത്രേ ലൈസൻസ് പുതുക്കി നൽകാത്തത്. എന്നാൽ രാവിലെ കടലിലിറങ്ങി തീരത്തിനടുത്തു മാത്രം  മത്സ്യബന്ധനം നടത്തി ഉച്ചയ്ക്ക് തിരിച്ചെത്തുന്ന ബോട്ടുകൾ അപകടത്തിൽപ്പെടില്ലെന്നും  തടിനിർമിത ബോട്ടുകൾ ദശകങ്ങളായി ഈ രംഗത്തുള്ളവയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല  എല്ലാ വർഷവും ഫിറ്റ്നസ് പരിശോധന നടത്തിയാണ് ലൈസൻസ്  പുതുക്കുന്നതെന്നും ആ രീതി തുടരണമെന്നുമാണ്  ബോട്ടുടമകളുടെ ആവശ്യം .

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com