എന്താണ് അന്ന് സംഭവിച്ചത്? ‘എനിക്കു പേടിയാണ്.. അവർ ഇനിയും ആക്രമിക്കും’

SHARE

മൂവാറ്റുപുഴ∙ ‘‘എനിക്കു പേടിയാണ്...അവർ ഇനിയും ആക്രമിക്കും...ഞങ്ങളെ സഹായിക്കാൻ ആരുമില്ല... രാത്രി ഭയം മൂലം ഉറങ്ങാൻ പോലും പറ്റുന്നില്ല...’’ വീട്ടിലെ ഒരോരുത്തരെയായി ഇല്ലാതാക്കുമെന്നു പറഞ്ഞ് മണ്ണു മാഫിയ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് അക്ഷയ ഇനിയും മോചിതയായിട്ടില്ല. മകൾക്കു കൂട്ടിരിക്കുന്ന അച്ഛൻ ലാലു ഒരാഴ്ചയായി ജോലിക്കും പോയിട്ടില്ല. കുടുംബം മുഴുവൻ ആശങ്കയിൽ കഴിയുമ്പോഴും ആക്രമണം നടത്തിയവർ കാണാമറയത്താണ്.

വീടിനു ഭീഷണിയാകുന്ന അനധികൃത മണ്ണെടുപ്പു ചോദ്യം ചെയ്യുകയും മണ്ണ് ഖനനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത, മൂവാറ്റുപുഴ കാക്കൂച്ചിറ വേങ്ങപ്ലാക്കിൽ ലാലുവിന്റെ മകൾ അക്ഷയയെ ഒരാഴ്ച മുൻപാണ് മണ്ണു മാഫിയ സംഘം ആക്രമിച്ചത്. വയറ്റിൽ ചവിട്ടേറ്റ അക്ഷയ ആരോഗ്യനില പൂർണമായും വീണ്ടെടുത്തിട്ടില്ല. ഭയത്തിൽ നിന്നു മോചിപ്പിക്കാൻ കൗൺസലിങ് ആരംഭിച്ചിരിക്കുകയാണ്. ആദിവാസി വിദ്യാർഥിനിക്കു നേരെ നടന്ന ആക്രമണം നടത്തിയ പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സഹായം നിൽക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരിക്കെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് അക്ഷയ.

∙ എന്താണ് അന്ന് സംഭവിച്ചത്?

അസുഖമായിരുന്നതിനാൽ കോളജിൽ പോകാതെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പിറകിൽ വലിയ ശബ്ദം കേട്ടത്. നോക്കിയപ്പോൾ മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ചു വീടിന്റെ പിറകിൽ നിന്ന് മണ്ണെടുക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇവിടെ മണ്ണെടുപ്പ് പൊലീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.

പൊലീസിന്റെ അനുവാദമില്ലാതെ മണ്ണെടുക്കുന്നത് ശരിയല്ലെന്നും പൊലീസിനെ വിവരം അറിയിക്കുമെന്നും പറഞ്ഞപ്പോൾ അസഭ്യവർഷമായിരുന്നു. തുടർന്നാണ് മണ്ണെടുപ്പ് ഫോണിൽ ചിത്രീകരിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കിട്ടാൻ‍ മുറ്റത്ത് ഇറങ്ങി നിന്ന് ദൃശ്യങ്ങൾ പകർത്തിയപ്പോഴാണു സംഘത്തിലുള്ള ഒരാൾ എത്തി ഫോൺ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞ ശേഷം ആക്രമിച്ചത്.

∙ആക്രമണം ആരും കണ്ടില്ലേ?

പ്രദേശത്തെ വീടുകളിൽ ഉണ്ടായിരുന്നവർ എല്ലാവരും ജോലിക്കു പോയിരിക്കുകയായിരുന്നു. ഇതു മുതലെടുത്താണ് അവർ മണ്ണെടുപ്പ് നടത്തിയത്. നേരത്തെ മണ്ണെടുപ്പിനെതിരെ വലിയ പ്രതിഷേധം ഉയരുകയും പൊലീസ് സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവയ്പ്പിക്കുകയും ചെയ്തിരുന്നു. ശബ്ദം കേട്ട് സമീപത്തെ ചേച്ചി ഓടിയെത്തിയതോടെയാണ് ഇവർ പിന്മാറിയത്. അപ്പോഴേക്കും ഞാൻ താഴെ വീണിരുന്നു.

∙മുൻപ് ഭീഷണി ഉണ്ടായിരുന്നോ?

മണ്ണെടുപ്പിന് എതിരു നിന്നാൽ അനുഭവിക്കും എന്നു നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. ഞങ്ങളുടെ വീടിനോടു ചേർന്നാണ് മണ്ണെടുക്കുന്നത്. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ചു മണ്ണെടുക്കുമ്പോൾ ഞങ്ങളുടെ വീടു കുലുങ്ങുന്നുണ്ട്. ഇക്കാര്യമൊക്കെ ഇവരോടു പറഞ്ഞപ്പോഴെല്ലാം അവഗണനയും അസഭ്യവുമാണ് ഉണ്ടായത്.

∙പൊലീസ് എന്താണു പറയുന്നത്?

പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാണെന്നാണു പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. മണ്ണെടുക്കാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തു എന്നും പറയുന്നു. ആക്രമണത്തിനു നേതൃത്വം നൽകിയയാൾ മുൻകൂർ ജാമ്യത്തിനു എറണാകുളത്തു കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയിൽ നിങ്ങളും ഹാജരാകണമെന്നുമാണ് പൊലീസ് അവസാനം അറിയിച്ചത്.

∙കോളജിലേക്ക് ഇനി എന്നാണ്?

വയറിനേറ്റ ചവിട്ടിനെ തുടർന്ന് രണ്ടു വട്ടം സ്കാൻ ചെയ്തിരുന്നു. ഇതിന്റെ ചികിത്സ തുടരുകയാണ്. പുറത്തിറങ്ങാൻ ഇപ്പോഴും ഭയമാണ്. നിർമല കോളജിൽ ബിഎസ്‌സി സുവോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ്. സഹപാഠികളും അധ്യാപകരും എല്ലാം വിളിക്കുന്നുണ്ട്. പഠനം മുടക്കരുതെന്നും കൂടെയുണ്ടാകുമെന്നും അവർ പറഞ്ഞു. എന്നാലും ഭയമാണ്. പാലക്കാട് ജോലി ചെയ്യുന്ന അച്ഛനും ജോലിക്കു പോകുന്നില്ല. മുഴുവൻ സമയവും എനിക്കു കാവലിരിക്കുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തി മാത്രമാണ് ഇപ്പോൾ സ്കൂളിൽ പോകാൻ വേണ്ടി പുറത്തിറങ്ങുന്നത്.

കോടതിയിൽ മൊഴി നൽകും

ഇന്ന് മൂവാറ്റുപുഴ കോടതിയിൽ അക്ഷയയുടെ ക്രിമിനൽ ചട്ടത്തിലെ 164‌ാം വകുപ്പു പ്രകാരമുള്ള മൊഴി രേഖപ്പെടുത്തും. നാളെ ജില്ല കോടതിയിലാണ് പ്രതികളിൽ ഒരാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാളെ എറണാകുളം ജില്ലാ കോടതിയിലും അക്ഷയ ഹാജരാകും. ആദിവാസി വിദ്യാർഥിനിക്കു നേരെ ഉണ്ടായ ആക്രമണം മറ്റൊരാളോട് ആവർത്തിക്കാതിരിക്കാൻ നിയമ പോരാട്ടം തുടരാൻ തന്നെയാണ് അക്ഷയയുടെ കുടുംബത്തിന്റെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA