ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരത്തുകാർ ‘അനാകോണ്ട’യെന്നും ‘പാമ്പ് ’ എന്നും വിളിച്ചിരുന്ന ബസ് കൊച്ചിക്കു വന്നതു നാട്ടുകാരറിഞ്ഞില്ല. കഷ്ടപ്പാടിലായതിനാലാവാം, കെഎസ്ആർടിസി ആരെയും ഇക്കാര്യം അറിയിച്ചില്ല. തോപ്പുംപടിയിൽ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്ആർടിസി ഓടിക്കുന്ന പുതിയ ഓർഡിനറി സർവീസ് ആണ് കഥാപാത്രം, വെസ്റ്റിബുൾ ബസ്. 17 മീറ്റർ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്ആർടിസിയുടെ ട്രെയിൻ’ എന്നും വിളിപ്പേരുണ്ട്.

കെഎസ്ആർടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയിൽ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയിൽ 1.20 ന് എത്തും. തോപ്പുംപടിയിൽ നിന്നു 2 നു പുറപ്പെട്ട് 7 നു കരുനാഗപ്പള്ളിയിലെത്തും. 10 വർഷമായി ആറ്റിങ്ങൽ – കിഴക്കേക്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസ് റിട്ടയർമെന്റിനു മുൻപ് അൽപം ആശ്വാസത്തോടെ ഓടിക്കോട്ടെ എന്നു തീരുമാനിച്ചാണു നാഷനൽ ഹൈവേ സർവീസിന് അയച്ചിരിക്കുന്നത്. 3 വർഷം കൂടി ഇൗ ബസ് നിയമപ്രകാരം ഓടിക്കാം.

നന്നായി കുടിക്കും, എങ്കിലും കരുത്തൻ

അശോക് ലൈലൻഡിന്റെ 6 സിലിണ്ടർ എൻജിനാണു ബസിന്. ഒരു ലീറ്റർ ഡീസലിന് 3 കിലോമീറ്റർ മാത്രം മൈലേജ്. നീളക്കൂടുതലായതിനാൽ സൂക്ഷിച്ച് ഓടിക്കണം. ബസ് പുറകോട്ടെടുക്കാനാണു പാട്. മറ്റു വാഹനങ്ങളെ ഓവർടേക് ചെയ്യുമ്പോഴും മറ്റു വാഹനങ്ങൾ ബസിനെ ഓവർ ടേക് ചെയ്യുമ്പോഴും അതീവ ശ്രദ്ധവേണം. കെഎസ്ആർടിസിക്കു നിറം ചുവപ്പാണെങ്കിലും ഇൗ ബസ് നീലയാണ്. 57 സീറ്റുണ്ട്. സീറ്റുകൾ ഏതു വശത്തേക്കും തിരിക്കാം.

ദീർഘയാത്രയ്ക്കു പറ്റിയ സീറ്റുകളല്ല എന്ന ദോഷമുണ്ട്.സർവീസ് തുടങ്ങിയിട്ട് 5 ദിവസമേ ആയുള്ളു. നിലവിൽ ബസിൽ എട്ടും പത്തും യാത്രക്കാർ മാത്രം. തോപ്പുംപടിക്കു പകരം വൈറ്റിലയിൽ നിന്നു സർവീസ് തുടങ്ങിയാൽ കൂടുതൽ ആളെക്കിട്ടും. അരൂർ ടോൾ ഒഴിവാക്കാനാവും തോപ്പുംപടിയിലേക്കു സർവീസ് നടത്തുന്നത്. തോപ്പുംപടിയിൽ നിന്നു കുണ്ടന്നൂർ എത്തി വൈറ്റിലയ്ക്കു വരാവുന്നതേയുള്ളു. ഇപ്പോൾ 113 കിലോമീറ്റർ ഓടുന്ന ബസ് ദേശീയപാതയിലൂടെ വൈറ്റിലയ്ക്ക് ഓടിച്ചാൽ 114 കിലോമീറ്ററേ ദൂരമുള്ളു. 

ഓർമയുണ്ടോ ടെറാപ്ലെയിൻ ബസ്

30 വർഷം മുൻപ് കെഎസ്ആർടിസി ടെറാപ്ലെയിൻ എന്ന ബസ് തിരുവനന്തപുരത്തു നിന്നു എറണാകുളം വഴി കോഴിക്കോടിന് സർവീസ് നടത്തിയിരുന്നു. ട്രെയിലർ ലോറികൾ പോലെ രണ്ടു ക്യാബിനുകൾ കൂട്ടിയോജിപ്പിച്ചതായിരുന്നു ഇത്. ഡ്രൈവറുടെ ക്യാബിൻ ഒരു ചേംബർ, യാത്രക്കാ‍ർ മറ്റൊരു ചേംബറിൽ. ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇൗ ബസിൽ ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com