ADVERTISEMENT

കൊച്ചി ∙ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള ഛായാചിത്രം കേടുപാടുകൾ ശാസ്ത്രീയമായി പരിഹരിച്ചു പുനഃസ്ഥാപിച്ചു. ജീർണത തടയാനും പൗരാണികത്തനിമയോടെ ദീർഘകാലം ചിത്രം സൂക്ഷിക്കാനും ശാസ്ത്രീയ സംരക്ഷണരീതികളും ഉപയോഗിച്ചിട്ടുണ്ട്. രാജ്യാന്തര തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിലെ പരിശുദ്ധ മാതാവിന്റെ ഛായാചിത്രമാണു പുനഃസ്ഥാപന, സംരക്ഷണ പ്രക്രിയയ്ക്കു വിധേയമാക്കിയത്. കാലപ്പഴക്കം മൂലമുള്ള കേടുപാടുകളാണു പരിഹരിച്ചത്.

മരംകൊണ്ടുള്ള പ്രതലത്തിൽനിന്നു വിട്ടുപോയ ചായങ്ങളുടെ അടരുകൾ വൃത്തിയാക്കി വീണ്ടും ഉറപ്പിച്ചു. ചായം നഷ്ടപ്പെട്ട ഭാഗങ്ങൾ പ്രറ്റീജിയോ സംവിധാനം ഉപയോഗിച്ചു ‘റീ ടച്ച്’ ചെയ്തു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കലാപാരമ്പര്യത്തിൽ വരച്ച ചിത്രം മിഷനറിമാർ കൊണ്ടുവന്നു സ്ഥാപിച്ചതാണ്. പോർച്ചുഗലിലെ ലിസ്ബണിൽനിന്നു കൊണ്ടുവന്ന ചിത്രത്തിൽ പരിശുദ്ധ മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 

വല്ലാർപാടത്തമ്മയുടെ അനുഗ്രഹത്താൽ കായലിൽ നിന്നു രക്ഷപെട്ട മീനാക്ഷിയമ്മയുടെയും കുഞ്ഞിന്റെയും രൂപങ്ങൾകൂടി ആയിരത്തി എണ്ണൂറുകളിൽ തദ്ദേശീയ ചിത്രകാരന്മാർ ഇതിൽ വരച്ചു ചേർത്തു. ഒറ്റപ്പലകയിൽ എണ്ണച്ചായത്തിൽ രചിച്ച ചിത്രത്തിന് 95 x 75 സെമീ വലിപ്പമുണ്ട്. 10 ദിവസം നീണ്ടു സംരക്ഷണ പ്രക്രിയ.

ചിത്രം സ്ഥാപിച്ചതിന്റെ 500-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംരക്ഷണ പദ്ധതി ആവിഷ്‌കരിച്ചതെന്നു ബസിലിക്ക റെക്ടർ ഫാ. ആന്റണി വാലുങ്കൽ പറഞ്ഞു. കലാസംരക്ഷണ വിദഗ്ധനായ സത്യജിത് ഇബ്ൻ, പുണെയിലെ സപൂർസ മ്യൂസിയം കൺസർവേറ്റർ ശ്രുതി ഹഖേകാർ എന്നിവരാണ് സംരക്ഷണ ജോലികൾ പൂർത്തിയാക്കിയത്. വരാപ്പുഴ അതിരൂപത ആർട് ആൻഡ് കൾചറൽ കമ്മിഷൻ ഡയറക്ടർ ഫാ. അൽഫോൺസ് പനക്കൽ മേൽനോട്ടം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com