നേരംപോക്ക്, കറി ആവശ്യത്തിനുള്ള മീൻ, ഒപ്പം മോശമല്ലാത്ത വരുമാനവും; വൈപ്പിനിലെ കടൽത്തീരത്ത് ചൂണ്ടക്കാരുടെ തിരക്ക്

ernakulam-fishing
എടവനക്കാട് മേഖലയിലെ പുലിമുട്ടിൽ ചൂണ്ടയിടുന്നവർ.
SHARE

വൈപ്പിൻ∙ വൈപ്പിനിലെ കടൽത്തീരത്ത് ചൂണ്ടക്കാരുടെ തിരക്ക്. വിവിധ സ്ഥലങ്ങളിലെ പുലിമുട്ടുകളിൽ തമ്പടിച്ചാണ് ചെറുപ്പക്കാർ  ഉൾപ്പെടെയുള്ളവർ കടലിലേക്ക് ചൂണ്ട നീട്ടുന്നത്.  മഴക്കാലം ആരംഭിക്കുന്നതോടെ ഇത്തരത്തിൽ വൈപ്പിൻ തീരത്തേക്ക് ചൂണ്ടക്കാർ എത്തുന്നത് പതിവാണ്. ഇക്കുറി മഴ ശക്തമായിട്ടില്ലെങ്കിലും ഇവരുടെ വരവിന് കുറവില്ല. നേരത്തെ നാട്ടുകാരായ ചൂണ്ടക്കാരായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ ദൂരെ സ്ഥലങ്ങളിൽ  നിന്ന്  ഒട്ടേറേപ്പേർ എത്തുന്നുണ്ട്.

പറവൂർ, പെരുമ്പാവൂർ, അങ്കമാലി, ഇടപ്പള്ളി, പാലാരിവട്ടം  തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായാണ്  ഉച്ചഭക്ഷണം അടക്കമുള്ള സന്നാഹങ്ങളുമായി  രാവിലെ തന്നെ തീരത്ത് എത്തുന്നത്. ഒന്നിലേറെ പുലിമുട്ടുകൾ ഉള്ള എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലാണ്  കൂടുതൽ പേർ എത്തുന്നത്.  അവധി ദിവസങ്ങളിൽ ചൂണ്ടക്കാരുടെ തിരക്ക് വർധിക്കും. മുളങ്കമ്പിന്റെ  അറ്റത്തുള്ള പ്ലാസ്റ്റിക് വള്ളിയിൽ ഘടിപ്പിച്ച  കുരുക്കുള്ള നാടൻ ചൂണ്ട മുതൽ പതിനായിരക്കണക്കിനു  രൂപ വിലയുള്ള വിദേശ നിർമിത ചൂണ്ട വരെ വൈപ്പിൻ തീരത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. 

കടൽഭിത്തികളിൽ  നിന്ന് കടലിലേക്ക് നീണ്ടു നിൽക്കുന്ന പുലിമുട്ടുകളിൽ നിന്ന് ചൂണ്ടയിട്ടാൽ മീൻ കിട്ടാനുള്ള സാധ്യത ഏറെയാണ്. കല്ലുകൾ കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങളിൽ  മത്സ്യങ്ങൾ കൂടുതലായി എത്തുമെന്ന് ചൂണ്ടക്കാർ പറയുന്നു, കൂരി, ഏരി, കതിരാൻ, വഴുത, വറ്റ, കറൂപ്പ്, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് ചൂണ്ടയിൽ കിട്ടുക. ചൂണ്ടക്കാരന്റെ  വൈദഗ്ധ്യത്തിന് അനുസരിച്ചായിരിക്കും  മത്സ്യലഭ്യത. നേരംപോക്കെന്ന നിലയിൽ ചൂണ്ട നീട്ടുന്നവരാണ് ഒരു വിഭാഗം. കറി ആവശ്യത്തിനുള്ള  മീൻ സംഘടിപ്പിക്കുകയാണ്  മറ്റു ചിലരുടെ ലക്ഷ്യം. ചൂണ്ടയിൽ കിട്ടുന്ന മീൻ ഉടനടി പറയുന്ന വിലയ്ക്കു വിറ്റ മോശമല്ലാത്ത  വരുമാനം ഉണ്ടാക്കുന്നവരുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS