ADVERTISEMENT

കാലടി∙ എംസി റോഡിൽ മറ്റൂരിൽ ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിൽ കിടന്ന മിനി ലോറിയിൽ ഇടിച്ച് വൈദ്യുതി പോസ്റ്റിലേക്കും കടയിലേക്കും വർക്‌ഷോപ്പിലേക്കും ഇടിച്ചു കയറി. ആളപായമില്ല. രാവിലെ 7.45ന് ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു കപ്പ കയറ്റി പെരുമ്പാവൂരിലേക്കു പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൂരിലെ പെട്രോൾ പമ്പിനു മുന്നിലെത്തിയപ്പോൾ ലോറി വലത്തോട്ടു തിരിഞ്ഞു റോഡരികിൽ കിടന്ന മിനി ലോറിയിൽ ഇടിച്ചു. തുടർന്നു വൈദ്യുതി പോസ്റ്റിൽ ഇടിച്ചപ്പോൾ പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്ക് വീണു. വൈദ്യുതി ബന്ധം പെട്ടെന്നു വിഛേദിക്കപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല.

ലോറി വീണ്ടും റോഡരികിലെ കൂൾ ബാറിൽ‍ ഇടിച്ചു കയറി. കടയുടെ പകുതിയോളം തകർന്നു. അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി അവിടെ കിടന്ന കാറിൽ ഇടിച്ചാണ് പരാക്രമം നിന്നത്. ലോറി ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. മിനി ലോറിയിലെ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും പരുക്കു പറ്റി. കെ.വി.തങ്കച്ചൻ, കെ.വി.ബേബി എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വർക്ക് ഷോപ്പ്. ബേബി വർഗീസ് കാക്കശേരിയുടെതാണ് കൂൾ ബാർ. ബേബി വർഗീസും വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നവരും ലോറി ഇടിച്ചു കയറിയപ്പോൾ പിറകിലേക്കു ഓടി മാറി രക്ഷപ്പെടുകയായിരുന്നു. പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com