ADVERTISEMENT

കാക്കനാട്∙ രാജ്യാന്തര ഡ്രൈവിങ് ലൈസൻസിന്റെ പേരിൽ അപേക്ഷകരിൽ നിന്നു വൻ തുക തട്ടിയെടുക്കുന്ന ഇടനിലക്കാർ സജീവമായതായി ആക്ഷേപം. 1,265 രൂപ ഫീസ് അടച്ചാൽ ലഭിക്കുന്ന രാജ്യാന്തര ഡ്രൈവിങ് ലൈസൻസിനു 5,000 മുതൽ 10,000 രൂപ വരെ ചില ഇടനിലക്കാർ വാങ്ങുന്നുണ്ടന്നാണു വിവരം. അപേക്ഷകർ ജാഗ്രത പുലർത്തണമെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. വിദേശ യാത്രയ്ക്കു തയാറായി നിൽക്കുന്നവരാണ് അപേക്ഷകരെന്നതിനാൽ ചൂഷണത്തിനെതിരെ പരാതി നൽകാൻ ആരും തയാറാകുന്നില്ല.

വിദേശത്തേക്കു പോകാൻ എല്ലാ തയാറെടുപ്പുകൾക്കും ശേഷമാണു ഡ്രൈവിങ് ലൈസൻസിനായി അപേക്ഷ നൽകുന്നത്. സമയത്തു ലഭിക്കില്ലെന്നും താമസം ഒഴിവാക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടനിലക്കാർ അപേക്ഷകരെ കൊള്ളയടിക്കുന്നത്. അർഹർക്കു 7 ദിവസത്തിനകം ആർടിഒ ഓഫിസിൽ നിന്നു രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് നൽകുമെന്ന് ആർടിഒ പി.എം.ഷബീർ പറഞ്ഞു. സ്വന്തം നിലയിലോ അക്ഷയ കേന്ദ്രങ്ങൾ, മോട്ടർ വാഹന വകുപ്പിന്റെ ഇ സേവ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയോ അപേക്ഷിച്ചാൽ മതി.

അപേക്ഷകൻ ഹാജരാകേണ്ടതില്ല. മോട്ടർ വാഹന വകുപ്പിന്റെ സാരഥി സൈറ്റിൽ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്ന ഭാഗമെടുത്താൽ അപേക്ഷ സമർപ്പിക്കാം. നിലവിലെ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വീസ എന്നിവയുടെ പകർപ്പും ഒപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം അപ‍്‍ലോഡ് ചെയ്യണം. രേഖകൾ കൃത്യമാണെങ്കിൽ താമസമില്ലാതെ രാജ്യാന്തര ലൈസൻസ് തയാറാകും.

7 ദിവസത്തിനകം തപാൽ വഴി അയയ്ക്കും. അടിയന്തര ഘട്ടത്തിൽ ലൈസൻസ് നേരിട്ടു വാങ്ങണമെങ്കിൽ അപേക്ഷകനോ കുടുംബാംഗങ്ങളോ തിരിച്ചറിയൽ രേഖകളുമായി ആർടിഒ ഓഫിസിൽ എത്തിയാൽ മതി. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാൽ എളുപ്പത്തിൽ ലഭിക്കുന്ന രാജ്യാന്തര ഡ്രൈവിങ് ലൈസൻസിനായി ഇടനിലക്കാരുടെ കെണിയിൽപെട്ടു പണം നഷ്ടപ്പെടുത്തരുതെന്നു അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com