ADVERTISEMENT

കൊച്ചി ∙ കൊച്ചിൻ നാഗേഷ് എന്നറിയപ്പെട്ടിരുന്ന വി പി ഖാലിദ് സകലകലാവല്ലഭനായിരുന്നു. പാട്ട്, നൃത്തം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് മേഖലകളിൽ  പ്രാവീണ്യമുണ്ടായിരുന്നു. പിതാവ് വലിയകത്ത് വീട്ടിൽ വി.കെ.പരീതും മാതാവ് താണത്തുപറമ്പിൽ കുഞ്ഞിപ്പെണ്ണും മലബാറിൽനിന്ന് ഫോർട്ട്കൊച്ചിയിൽ വന്നു താമസമാക്കിയതു ഖാലിദിന്റെ ചെറുപ്പത്തിലാണ്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഡിസ്കോ ഡാൻസ് പഠിച്ചെടുത്ത ഖാലിദ് വാഴക്കുന്നം നമ്പൂതിരിയിൽ നിന്നു മാജിക്കും പഠിച്ചു.

മറിമായം ഹാസ്യപരമ്പരയിലെ പുതിയ എപ്പിസോഡിൽ വി.പി.ഖാലിദ്.

അദ്ദേഹത്തിന്റെ സൈക്കിൾ യജ്ഞം ജനശ്രദ്ധ ആകർഷിച്ചിരുന്നു. സംഗീതം, നൃത്തം, പാവകളി, മാജിക് തുടങ്ങിയ കലാരൂപങ്ങൾ ചേർത്തു പ്രകടനങ്ങളും നടത്തിയിരുന്നു. സനാതന, ആലപ്പി തിയറ്റേഴ്സ് എന്നീ സമിതികളുടെ നാടകങ്ങളിൽ വേഷമിട്ട വി പി ഖാലിദ്  1973ൽ പെരി‌യാർ, ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം നടൻ, അനുരാഗ കരിക്കിൻവെള്ളം, സൺഡേ ഹോളിഡേ, പുഴു തുടങ്ങി നാൽപതോളം സിനിമകളിലും അഭിനയിച്ചു.

പൂർത്തിയാക്കിയ അവസാനചിത്രം ലാൽജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ ആണ്. ചുള്ളിക്കലിൽ സൈക്കിൾ യജ്ഞത്തിനിടെ തമിഴ്നടൻ നാഗേഷിന്റെ വേഷമണിഞ്ഞ് കാണികളെ ചിരിപ്പിച്ച ഖാലിദിനു പരിപാടി ഉദ്ഘാടനം ചെയ്ത ഫാ.മാത്യു കോതകത്ത് ആണ് കൊച്ചിൻ നാഗേഷ് എന്ന പേരു നൽകിയത്. കൊച്ചിൻ ഫ്രാങ്ക്ലിന്റെ സൈക്കിൾ യജ്ഞത്തിൽ ശിവാജി ഗണേശന്റെ വേഷമണിഞ്ഞ് അദ്ദേഹത്തിന്റെ പാട്ടുകൾ പാടി നൃത്തം ചവിട്ടുന്ന ഖാലിദിനെ മറക്കാൻ കഴിയില്ലെന്ന് കലാ– സാംസ്കാരിക പ്രവർത്തകൻ പി.ഇ.ഹമീദ് പറയുന്നു.

മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ സായാഹ്നക്കൂട്ടത്തിന്റെ കൂട്ടായ്മകളിൽ മുടങ്ങാതെ എത്തി പാട്ടുകൾ പാടുമായിരുന്നു ഖാലിദ്. ഫോർട്ട്കൊച്ചി കുന്നുംപുറം മെഹ്ഫിൽ ഓർക്കസ്ട്രയിൽ വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഒത്തു ചേരുമായിരുന്നു. എല്ലാ കലാകാരന്മാരെയും പോലെ അദ്ദേഹത്തിനും ആഗ്രഹമുണ്ടായിരുന്നു– കലാ രംഗത്തെ പ്രവർത്തനത്തിനിടയിലാകണം മരണം എന്നത്. അതു പലപ്പോഴും പറയുമായിരുന്നു. അതുപോലെ സംഭവിച്ചു. ഖാലിദിന്റെ മകൾ റഹ്മത്ത് പറഞ്ഞു.

അഭിനയം തുടങ്ങിയത് പത്താം വയസ്സിൽ

കൊച്ചി ∙ 16–ാം വയസ്സിൽ പകരക്കാരനായി നാടകത്തിൽ അഭിനയിച്ച് ആ നാടകവേഷത്തിനു മികച്ച ഹാസ്യ നടനുള്ള പുരസ്കാരവുമായാണ് വി.പി.ഖാലിദിന്റെ അഭിനയ ജീവിതത്തിനു തുടക്കം. പിന്നെ, ഫോർട്ട്കൊച്ചി സാന്താക്രൂസ് മൈതാനത്തെ നാടകാവതരണങ്ങളിൽ ‘ഓൾ ഇൻ ഓൾ’ ആയി. ആലപ്പുഴയിലെ അമ്മാവന്റെ വീട്ടിൽ ഖാലിദ് പോയാൽ സ്ഥിരം താവളം ഉദയാ സ്റ്റുഡിയോയുടെ ഗേറ്റിനു പുറത്താണ്.

എങ്ങനെയെങ്കിലും അകത്തു കയറിപ്പറ്റുകയാണു ലക്ഷ്യം. അങ്ങനെ ഒരു ദിവസം തോപ്പിൽ ഭാസി അതിലെ കാറിൽ വന്നു. പുറത്തുനിന്ന ഖാലിദിനെ പഴയ പരിചയംവച്ച് സ്റ്റുഡിയോയുടെ അകത്തു കൊണ്ടുപോയി. ഏണിപ്പടികൾ എന്ന സിനിമയുടെ ചിത്രീകരണമാണ്. അതിലൊരു വേഷവും കിട്ടി. 10 വയസ്സുള്ളപ്പോൾ മുത്തയ്യയുടെ മകനായാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. ചെറുപ്പത്തിൽ, വീടിനു സമീപത്തെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ നിന്നാണ് റോക്ക് ആൻഡ് റോൾ ഡാൻസ് പഠനം.

ഇതിനിടെ, അനിയൻ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ജ്യേഷ്ഠനും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ഗൾഫിലേക്കു നാടുകടത്താൻ ശ്രമിച്ചപ്പോൾ ആദ്യം പിടികൊടുത്തില്ല. പഠിച്ച മാജിക് അവിടെ ഉപകാരപ്പെടുമെന്നു കരുതി പിന്നീടു പോയി. സൗദിയിലാണു ചെന്നത്. അവിടെ ജോലിക്കൊപ്പം മാജിക്കും കലാപ്രവർത്തനവും. വർഷങ്ങൾ കഴിഞ്ഞാണു തിരികെയെത്തിയത്.

സർവം സിനിമാമയം

കൊച്ചി ∙ വി.പി. ഖാലിദ് ഒരിക്കൽ പറഞ്ഞു – ‘കൊച്ചിയിൽ ഇത്രയും സിനിമാ കലാകാരന്മാർ ഉള്ള വേറെ വീട് ഉണ്ടാവില്ല. അതിലെനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഞാൻ ഇന്നു മരിച്ചാലും ഭാഗ്യവാനാണ്’. ക്യാമറാമാൻ ആയിരുന്ന മൂത്ത മകൻ ഷാജിയാണ് സഹോദരങ്ങളെയും സിനിമയിലേക്കു കൈപിടിക്കുന്നത്. വിവാഹ വിഡിയോ ചെയ്തിരുന്ന ഷാജി അനിയൻമാരെയും ഒപ്പംകൂട്ടി. പിന്നെ, റയാൻ സ്റ്റുഡിയോയിൽ ചേർന്നു.

ഷൈജു ഖാലിദും അവിടെ ചേർന്നു. പിന്നെയാണ് ജിംഷിയും ഛായാഗ്രാഹകനായി എത്തുന്നത്. ഷാജി സുഹൃത്തുക്കളുമായി ചേർന്നൊരു സിനിമ ഒരുക്കാനുള്ള പദ്ധതിയിലായിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. സഹോദരൻ ഷൈജു ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, ഈമയൗ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഇരുപതോളം സിനിമയ്ക്കു ഛായാഗ്രഹണം നിർവഹിച്ചു.

5 സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ സേതുലക്ഷ്മി എന്ന സിനിമ സംവിധാനവും ചെയ്തു. അടുത്തയാൾ ജിംഷിയും കൈവച്ചതു ക്യാമറയിലാണ്. അനുരാഗ കരിക്കിൻവെള്ളം, അള്ള് രാമേന്ദ്രൻ, കപ്പേള, ലവ്, തല്ലുമാല ഉൾപ്പെടെയുള്ള സിനിമകളുടെ ക്യാമറാമാൻ ആണ്. ഇവരുടെ സഹോദരൻ ഖാലിദ് റഹ്മാൻ സംവിധാനത്തിലും എഴുത്തിലുമാണു തിളങ്ങിയത്. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ സിനിമകളുടെ സംവിധായകനാണ്. 

മറിമായം: മേക്കപ്പ് ആർട്ടിസ്‌റ്റ് നടനായി

കൊച്ചി ∙ മഴവിൽ മനോരമയിലെ ഹാസ്യപരമ്പര മറിമായത്തിന്റെ ഷൂട്ടിങ് സ്ഥലത്ത് മേക്കപ്പ് ആർട്ടിസ്‌റ്റായി ഒരു സുഹൃത്ത് വഴിയാണ് ഖാലിദ് ചെല്ലുന്നത്. രണ്ടു ദിവസം ആ ജോലി ചെയ്തു. അതിനിടയ്ക്ക് അദ്ദേഹത്തിന്റെ അഭിനയ പശ്‌ചാത്തലം അറിഞ്ഞ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ചെറിയ വേഷങ്ങൾ ഏൽപിച്ചു. അതു നന്നാക്കിയതോടെ റോളും വലുതായി. ‘സുമേഷ്’ എന്ന ഹിറ്റ് പേരിട്ടത് പ്യാരിജാതന്റെ വേഷം ചെയ്യുന്ന സലിം ഹസനാണ്.

‘സുമേഷ്’ ഹിറ്റായതോടെ 9 വർഷത്തിലേറെ ഖാലിദ് മറിമായത്തിന്റെ ഭാഗമായി. 5 ദിവസം മുൻപാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയുള്ള ഷൂട്ടിങ് കഴിഞ്ഞതെന്നു നിലവിലെ സംവിധായകൻ മിഥുൻ ചേറ്റൂർ പറയുന്നു. മതിലിനു മുകളിൽ കയറിയിരുന്നുള്ള രംഗം ചിത്രീകരിക്കേണ്ടിയിരുന്നു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി അതു വേണ്ടെന്നുവച്ചതാണ്. എന്നാൽ, ചെറുപ്പക്കാരെപ്പോലും തോൽപിക്കുന്ന രീതിയിൽ അദ്ദേഹം ആ രംഗം കൈകാര്യം ചെയ്തു. അത് അടുത്ത ഭാഗത്തിൽ ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com