ADVERTISEMENT

എൺപത്തൊന്നാം വയസ്സിലും തീവ്ര കായിക പരിശീലനത്തിലാണു മുൻ എംഎൽഎ എം.ജെ. ജേക്കബ്. ഫിൻലൻഡിലെ ടാംപെറെയിൽ 29 മുതൽ ജൂലൈ 1 വരെ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിലെ മെഡലുകളാണ് എം.ജെ. യുടെ ലക്ഷ്യം. അടുത്തയിടെ ചെന്നൈയിൽ നടന്ന ദേശീയ മീറ്റിലെ മത്സര വിജയത്തിന്റെ വിജയത്തിളക്കവുമായാണു പരിശീലനം. രാജ്യാന്തര മീറ്റിൽ 80 മീറ്റർ, 200 മീറ്റർ ഹഡിൽസ്, ലോങ്ജംപ് എന്നിവയിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.

2006 മുതൽ മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുക്കുന്ന ജേക്കബ് ഇതിനകം ചൈന, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റുകളിലും ഫ്രാൻസിലും, സ്പെയിനിലും ഓസ്ട്രേലിയയിലും നടന്ന രാജ്യാന്തര മീറ്റുകളിലും പങ്കെടുത്തിട്ടുണ്ട്.പുലർച്ചെ 4നു പരിശീലനം തുടങ്ങും. പാരമ്പര്യ വൈദ്യ കുടുംബാംഗമായ എം.ജെ. ജേക്കബ് വ്യായാമവും ചിട്ടയായ ഭക്ഷണക്രവും പാലിച്ചാണ് ഈ പ്രായത്തിലും യുവത്വത്തിന്റെ പ്രസരിപ്പു നിലനിർത്തുന്നത്.

ആലുവ യുസി കോളജിൽ വിദ്യാർഥിയായിരിക്കെ കേരള യൂണിവേഴ്സിറ്റി കായിക മേളയിൽ ധാരാളം  സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. അക്കാലത്തത്ത് 400 മീറ്റർ ഹഡിൽസിൽ സ്ഥാപിച്ച റെക്കോർഡ് 10 വർഷം തകർക്കപ്പെടാതെ കിടന്നു. പിന്നീട് കാക്കൂർ കാളവയലിലെ കാളവണ്ടിയോട്ട പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ എം.ജെ.യുടെ കായിക മോഹങ്ങൾ തകർന്നു. പിതാവ് മുട്ടപ്പിള്ളിൽ ജോസഫ് വൈദ്യൻ തെളിക്കുന്ന കാളവണ്ടി പരിശീലന ഓട്ടം നടത്തിക്കൊണ്ടിരിക്കെ ഒപ്പം ഓടി കാളയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ജേക്കബിന്റെ കാലിലൂടെ കാളവണ്ടിയുടെ ഇരുമ്പുചക്രം കയറിയിറങ്ങി.

കാൽപത്തി തകർന്ന ഇദ്ദേഹത്തിന് 4 മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു.പിന്നീടു കായിക മത്സരങ്ങളിൽ നിന്നു വിട്ടുനിന്ന എം.ജെ. ജേക്കബ് 13 വർഷം മുൻപു നിയമസഭാംഗങ്ങൾക്കായുള്ള കായിക മത്സരങ്ങളിലൂടെയാണു തിരികെയെത്തിയത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള സാമാജികരുടെ ചാംപ്യനായി അന്ന് എം.ജെ. ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com