ADVERTISEMENT

കൊച്ചി∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന വിധത്തിൽ പോക്‌സോ കേസുകളിലെ കുറ്റവും ശിക്ഷയും സമൂഹത്തിനു പാഠമാകുന്നില്ലെന്നു ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ. ഇക്കാര്യത്തിൽ ഓരോരുത്തരുടെയും ഭാഗത്തുനിന്നു ജാഗ്രത ആവശ്യമാണെന്നും പോംവഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കേസുകളിൽ സാക്ഷികളായെത്തുന്ന കുട്ടികൾക്കു സൗകര്യപ്രദമായ തരത്തിൽ പുതുക്കി നിർമിച്ച എറണാകുളം പോക്സോ കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്കു പരിഭ്രമവും ഭയപ്പാടുമില്ലാതെ മൊഴി നൽകുന്നതിനും തുറന്നു സംസാരിക്കുന്നതിനും സൗകര്യം വേണമെന്നതിൽ തർക്കമില്ല, എന്നാൽ കൂടുതൽ പോക്‌സോ കോടതികളും അനുബന്ധസൗകര്യങ്ങളും വേണ്ടിവരുന്ന സാഹചര്യം നല്ലതല്ല. പല പോക്സോ കേസുകളിലും രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അയൽക്കാരും അധ്യാപകരുമൊക്കെയാണു പ്രതികൾ. ഒന്നര കൊല്ലമായി താൻ ഏറ്റെടുത്ത കേസുകളിൽ രണ്ടിൽ ഒരു കേസു വീതം പോക്സോ കേസാണെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ കോടതികൾ ശിശു സൗഹൃദമാക്കുന്നതിൽ രാജ്യത്തെ എറ്റവും വലിയ ഉദാഹരണമാണ് എറണാകുളത്ത് നടപ്പിലാക്കുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വിവിധ കെയർ ഹോമുകളിൽ 18 വയസ്സുവരെ കഴിയുന്നവർ കുടുംബങ്ങളിലേക്കു തിരിച്ചെത്തുമ്പോൾ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാതെ വരുന്നുണ്ട്. ഇതിനുള്ള പരിഹാരം അതിവേഗത്തിലുള്ള വിചാരണയും വിധി പ്രഖ്യാപിക്കലുമാണ്. അതിനു വേണ്ടിയാണു കൂടുതൽ പോക്‌സോ കോടതികൾ സ്ഥാപിച്ചു വിചാരണ വേഗത്തിലാക്കാൻ സർക്കാരും ജുഡീഷ്യറിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എറണാകുളം അഡീ. ജില്ലാ കോടതിയോടു ചേർന്നു താഴത്തെ നിലയിലാണു ശിശു സൗഹൃദ പോക്സോ കോടതി പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം. വർഗീസിന്റെ അധ്യക്ഷതയിൽ അഡീ. ജില്ലാ ജഡ്ജി കെ.സോമൻ, വനിതാ ശിശു വികസന വകുപ്പു ഡയറക്ടർ ജി. പ്രിയങ്ക, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി. കൃഷ്ണൻ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കെ.എസ്. സിനി, അനിൽ എസ്. രാജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com