ADVERTISEMENT

അവരെ ഒരുമിപ്പിച്ചതു ചക്കക്കൊതിയായിരുന്നു. ആ കൊതിയുടെ പര്യവസാനമാകട്ടെ ഒരുഗ്രൻ സംരംഭവും. ചക്ക എന്നു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരുടെ ഒരു വാട്സാപ് ഗ്രൂപ്പ്! അതായിരുന്നു തുടക്കം. പേരു ചക്കക്കൂട്ടം! എവിടെ ചക്ക കിട്ടുമെന്ന കാര്യം അറിയിക്കുക, നാട്ടിൽ പോയി മടങ്ങുന്നവർ നഗരവാസികൾക്കായി ഒന്നോ രണ്ടോ ചക്ക കൊണ്ടു വന്നു പങ്കുവയ്ക്കുക, ചക്കയുള്ള വീടുകളിൽ ചെറു സംഗമങ്ങൾ സംഘടിപ്പിക്കുക, പ്ലാവിൽ കയറി ചക്കയിട്ടു വേവിച്ചും പഴുപ്പിച്ചും എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുക. ഇതെല്ലാമായിരുന്നു വാട്സാപ് ചക്കക്കൂട്ടത്തിന്റെ പദ്ധതി.

പാലാരിവട്ടം സ്വദേശി അനിൽ ജോസായിരുന്നു ഗ്രൂപ്പ് അഡ്മിൻ. ചക്കപ്രണയം പൂത്തുലയുന്നതിനിടെയാണു കോവിഡ് എത്തിയത്. കൂടിച്ചേരലുകൾ മുടങ്ങിയപ്പോൾ വാട്സാപ്പിലൂടെ മാത്രമായി ചക്ക വിശേഷം പങ്കുവയ്ക്കൽ. വീടകങ്ങളിൽ കോവിഡ് സമ്മാനിച്ച വിരസത ഒഴിവാക്കാൻ ഒട്ടേറെപ്പേർ ചക്കക്കൂട്ടത്തിലേക്കു വന്നു കയറി. വിദേശത്തു നിന്നുൾപ്പെടെ ആളെത്തിയതോടെ  നൂറിൽ താഴെ അംഗങ്ങൾ മാത്രമുണ്ടായിരുന്ന ഗ്രൂപ്പ് വളർന്നു. പിന്നെ, വളരുന്തോറും പിളർന്നു. പുതുതായി പിറന്ന ഗ്രൂപ്പുകളിലായി ആയിരത്തിലേറെ അംഗങ്ങളുമായി.

പ്ലാവിൻ തൈ വിൽപനക്കാർ മുതൽ ചക്കയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവർ വരെ ഗ്രൂപ്പ് അംഗങ്ങളായെത്തിയതോടെ ചുള പോലെ പുതിയ ആശയങ്ങൾ പിറന്നു. ഗ്രൂപ്പിന്റെ പുതിയ അഡ്മിനായി തമ്മനം സ്വദേശി ആർ. അശോക് കൂടിയെത്തിയതോടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന ആശയം ഗ്രൂപ്പ് അംഗങ്ങളിലേക്കെത്തി. ചക്കച്ചിപ്സും അലുവയും വാക്വം ഫ്രൈഡ് ചിപ്സും ജാമും ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിലെത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ ചക്കക്കൂട്ടം ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. 

ഭക്ഷണ മേഖലയിൽ പരിചയമുള്ള വിപിൻ കുമാർ, സാബു അരവിന്ദ്, മാർക്കറ്റിങ്ങിൽ അനുഭവ സമ്പത്തുള്ള മനു ചന്ദ്രൻ, ഭക്ഷ്യമേഖലയ്ക്കു വേണ്ട മെഷിനറികൾ നിർമിക്കുന്ന പെരുമ്പാവൂർ സ്വദേശി ബോബിൻ ജോസഫ് എന്നിവരും  സംരംഭത്തിനു പിന്നിലുണ്ട്. കോലഞ്ചേരി കടയിരുപ്പിനടുത്ത് ഒന്നരയേക്കർ ഭൂമിയിൽ 5000 ചതുരശ്ര അടി കെട്ടിടത്തിലാണ് ഉൽപാദന യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാന ഫലമായിട്ടും പറമ്പുകളിൽ വീണ് അഴുകിപ്പോകുന്ന ചക്കയ്ക്കും വിലയുണ്ടെന്നും ഭക്ഷണം എന്ന നിലയിൽ വിഷം കലരാത്ത ഏക ഫലം ചക്കയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രാഥമിക ലക്ഷ്യമെന്നു കമ്പനി ചെയർമാൻ ആർ.അശോക് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com