ADVERTISEMENT

കൊച്ചി ∙ ജില്ലയിൽ ‍ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ വരെ 1036 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഇവരിൽ 175 പേർ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരും മറ്റുള്ളവർ ഡെങ്കിപ്പനി സംശയിക്കുന്നവരുമാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഈ മാസം കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിയോളമായി. കൊച്ചി കോർപറേഷൻ മേഖലയിലുൾപ്പെടെ തീവ്രമായ ഡെങ്കി വ്യാപനമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം കൊച്ചി കോർപറേഷനിൽ 15 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. പൊന്നുരുന്നി, ചമ്പക്കര, തമ്മനം, കലൂർ, ഇടക്കൊച്ചി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്നലെ ഡെങ്കിപ്പനി ബാധിച്ചത്.

പറവൂർ, കളമശേരി, ഉദയംപേരൂർ, കീരംപാറ, നെടുമ്പാശേരി, ആലങ്ങാട്, ചേരാനല്ലൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കാലത്തു പൊതുവേ ഡെങ്കി ബാധിതരുടെ എണ്ണം ഉയരാറുണ്ട്. എന്നാൽ ഈ വർഷം ഇതുവരെ 2,301 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ പകുതിയോളം ജൂണിൽ മാത്രമാണ്. 10 പേർ ഡെങ്കി ബാധിച്ചു മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഡെങ്കിപ്പനി ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

പകർച്ചവ്യാധി: വകുപ്പുകളുടെ അടിയന്തര യോഗം വിളിക്കും

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിൽ ഉൾപ്പെടെ കൊതുകുജന്യ രോഗങ്ങൾ പെരുകുന്നതായി വിഷയം അവതരിപ്പിച്ച ടി.ജെ.വിനോദ് എംഎൽഎ പറഞ്ഞു. കൊതുകു നശീകരണം ഊർജിതമാക്കണം. വിവിധ വകുപ്പുകളുടെ യോഗം അടിയന്തരമായി വിളിക്കാമെന്ന് അധ്യക്ഷത വഹിച്ച കലക്ടർ ജാഫർ മാലിക് പറഞ്ഞു. അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ഫീഡർ സർവീസുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടണം. സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. തീരദേശത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതി വിപുലീകരിക്കും. 46 കിലോമീറ്റർ തീരമേഖല വൃത്തിയാക്കുകയാണ് ലക്ഷ്യം.  പെരിയാർവാലി കനാലിൽ നിന്ന് അനുവദനീയമായതിൽ കൂടുതൽ വെള്ളം എടുത്ത കിറ്റെക്സ് കമ്പനിയിൽ നിന്നു 3,66,250 രൂപ പിഴ ഈടാക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.വി.ശ്രീനിജിൻ എംഎൽഎയെ അറിയിച്ചു.

കടമ്പ്രയാർ ടൂറിസം പദ്ധതി വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അനധികൃത മണ്ണെടുപ്പ് തടയാനായി മണ്ണെടുപ്പിന് അനുമതിയുള്ള സ്ഥലങ്ങളിലുൾപ്പെടെ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു. പിണമൂർകുടി, കുട്ടമ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വന്യജീവി ശല്യം പരിഹരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു. ചെറുവട്ടൂർ വഴി കോതമംഗലം– വെള്ളാരംകുന്ന്–എറണാകുളം കെഎസ്ആർടിസി ബസ് സർവിസുകൾ പുനരാരംഭിക്കണമെന്നും എംഎൽഎ നിർദേശിച്ചു. 

വൈപ്പിൻ–പള്ളിപ്പുറം തീരദേശ റോഡ് പൂർത്തിയാക്കണമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കടലാക്രമണ സാധ്യത പ്രദേശങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കുള്ള യുഡിഐഡി കാർഡുകൾ വിതരണം ചെയ്യാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ക്യാംപ് നടത്തണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. ഇരുമ്പനം മുതൽ കരിങ്ങാച്ചിറ വരെ സീപോർട്ട് –എയർപോർട്ട് റോഡിൽ ടാങ്കർ ലോറികളുടെ പാർക്കിങ് നിയന്ത്രിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎയെ കലക്ടർ അറിയിച്ചു. ജില്ലാ വികസന കമ്മിഷണർ എ.ഷിബു, വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊതുകിനെതിരെ ഇന്ന് ഡ്രൈഡേ

∙ പകൽ സമയത്തു കൊതുകു കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
∙ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക
∙ കൊതുകു നിവാരണ ലേപനങ്ങൾ പുരട്ടുക

∙ പകൽ സമയത്ത് ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക
∙ കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാൻ എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം.
∙ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടിനകത്തും സമീപത്തുമാണു പ്രജനനം നടത്തുക. വീടിന്റെ സമീപത്തു വെള്ളം കെട്ടിക്കിടന്നു കൊതുകു വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com