ADVERTISEMENT

കൊച്ചി∙ ‘‘പറയുന്ന പണിയും ചെയ്ത് അടങ്ങി ഒതുങ്ങി അവിടെ നിന്നോണം, നിനക്ക് ഭർത്താവ് ഉണ്ടെന്നോ? എന്താ നീ കരുതിയത് അവനെ എനിക്ക് എന്റെ കാലിൽ കിടക്കുന്ന ചെരുപ്പിന്റെ വിലയേയുള്ളു, നീ പൊലീസിലോ പട്ടാളത്തിലോ എവിടെ വേണമെങ്കിലും പരാതി കൊടുക്ക്, എനിക്കറിയാം നിന്നെ എന്തു ചെയ്യണമെന്ന്...’’ അടിമപ്പണി സഹിക്കവയ്യാതെ നാട്ടിലേക്കു തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവതിക്കു മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി മജീദ് (എം.കെ.ഗാസലി) നൽകിയ മറുപടിയാണിത്. മനുഷ്യക്കടത്തിന് ഇരയായ 4 യുവതികൾ ഇതിനകം പൊലീസിനു പരാതി നൽകിയെങ്കിലും തട്ടിപ്പിന്റെ മുഖ്യകണ്ണിയായ മജീദിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഭാര്യയെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടു വിളിക്കുന്ന ഭർത്താവിനോടു 3.50 ലക്ഷം രൂപയാണു മജീദ് ചോദിക്കുന്നത്. അല്ലെങ്കിൽ അവരെ സിറിയയിൽ കൊണ്ടുപോയി ഐഎസിനു വിൽക്കുമെന്നാണു ഭീഷണി. പശ്ചിമ കൊച്ചി സ്വദേശിയുടെ പരാതി കൊച്ചി സിറ്റി പൊലീസിനു ലഭിക്കുമ്പോൾ മജീദ് കോഴിക്കോട്ട് ഉണ്ടായിരുന്നു. പരാതി വാർത്തയായതോടെ വിദേശത്തേക്കു കടന്ന ഇയാൾ ഇപ്പോഴും മനുഷ്യക്കടത്തു തുടരുന്നതായാണു ലഭ്യമായ വിവരം. മജീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ നീക്കവും വിജയിച്ചിട്ടില്ല.

കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളും മജീദിന് എതിരാണ്. യുവതികളെ റിക്രൂട്ട് ചെയ്തു മജീദിനു കൈമാറുന്ന ജോലിയാണു അജുമോൻ ചെയ്തിരുന്നത്. നാട്ടിലെത്തിയാൽ കുവൈത്തിലെ പീഡന വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ നിർബന്ധിച്ചു കുറെ മിഠായിയും വസ്ത്രങ്ങളും തന്നയച്ചതായി കുവൈത്തിൽ നിന്നു രക്ഷപ്പെട്ട് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ചെറായി സ്വദേശിയായ യുവതി പറഞ്ഞു. ഏപ്രിൽ 14നാണ് ഇവിടെ നിന്നു പോയത്. 3 മാസത്തോളം ജോലി ചെയ്തെങ്കിലും ശമ്പളമൊന്നും നൽകിയില്ല. ചോദിച്ചപ്പോൾ ശമ്പളത്തുക ടിക്കറ്റിനും മറ്റുമായി ഉപയോഗിച്ചു എന്നാണ് പറഞ്ഞത്.

30000 ഇന്ത്യൻ രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ഫോൺ പിടിച്ചു വാങ്ങി ഫോണിലെ മെമ്മറി എല്ലാം മായിച്ചു കളഞ്ഞു. ‘‘50 കിലോഗ്രാം ഭാരമുള്ള ചാക്കുകൾ പലതവണ എടുപ്പിക്കും. വയ്യ എന്നു പറഞ്ഞാൽ മർദിക്കും. വൃത്തികെട്ട ഭാഷയിൽ ശകാരിക്കും. ഭക്ഷണം സമയത്തിനു കിട്ടായാലും ശകാരം കേട്ടാൽ ഭക്ഷണം കഴിക്കാൻ പോലും തോന്നില്ല. താൻ നിന്നിരുന്ന വീട്ടിൽ മറ്റൊരു മലയാളി യുവതി കൂടി ഉണ്ടായിരുന്നു. എന്നാൽ തമ്മിൽ സംസാരിക്കാൻ വീട്ടുടമയായ വിദേശി സമ്മതിക്കില്ല. രക്ഷപ്പെടാനായി വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഏതാനും വിദേശികൾ ചേർന്നു പിടികൂടി മർദിച്ചു. നാട്ടിൽ വീടില്ല. നല്ലൊരു തുക കടമുണ്ട്. അതു കൊണ്ടാണു കുവൈത്തിൽ ജോലി ലഭിക്കുമെന്നു പറഞ്ഞപ്പോൾ പോകാമെന്നു കരുതിയത്.’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com