ADVERTISEMENT

മൂവാറ്റുപുഴ∙ കെഎസ്ആർടിസി മിന്നൽ ബസ് മിന്നൽ വേഗത്തിൽ ഹംപ് ചാടിയതിനെ തുടർന്നുണ്ടായ ആഘാതത്തിൽ ബസിലെ യാത്രക്കാരന്റെ നട്ടെല്ലിനു ഗുരുതര പരുക്ക്. മൂവാറ്റുപുഴ വാഴപ്പിള്ളി വെളിയത്ത് വീട്ടിൽ സതീഷ് കുമാറിനാണ് (39) പരുക്കേറ്റത്. നട്ടെല്ലിനു പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് സതീഷ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി കൊട്ടാരക്കരയിൽ നിന്നു മൂവാറ്റുപുഴയിലേക്കു വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ മിന്നൽ ബസിലാണ് യാത്ര ചെയ്തത്. ബസ് രാത്രി പന്ത്രണ്ടരയോടെ ചങ്ങനാശേരിയിൽ എത്തിയപ്പോഴാണ് ഹംപ് ചാടിയത്.  വേഗം കുറയ്ക്കാതെ മുന്നോട്ടെടുത്തതോടെ ബസ് ഉയർന്നു പൊങ്ങുകയായിരുന്നു. 

ഉറക്കത്തിലായിരുന്ന സതീഷ് സീറ്റിൽ നിന്നുയർന്നു പൊങ്ങി ബസിന്റെ മുകളിൽ ഇടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്കു വീണതിനെ തുടർന്നാണ് നട്ടെല്ലിനു പരുക്കേറ്റത്. സതീഷ് വേദനയിൽ അലറി വിളിച്ചു കരഞ്ഞതോടെ ബസിലെ യാത്രക്കാരുടെ കൂടി സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടതിനാൽ ബന്ധുക്കൾ എത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. 

അടിയന്തര ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. നിർധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് ഉൾപ്പെടെ കെഎസ്ആർടിസി പണം നൽകണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com