കൊച്ചി∙ പ്രഥമ ജഗദ്ഗുരു ഭാരതീ തീർത്ഥ പുരസ്കാരം ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദിനു സമ്മാനിച്ചു. ബംഗളുരു ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ മഠാധിപതി സന്നിധാനം ശ്രീ ശ്രീ വിധു ശേഖര ഭാരതി സ്വാമികളാണ് പുരസ്കാരം സമ്മാനിച്ചത്. മികച്ച സാമൂഹിക സേവനം, ശൃംഗേരി മഠത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ശാസ്ത്രത്തിനും നൽകുന്ന അമൂല്യ സംഭാവകൾ എന്നിവ കണക്കിലെടുത്താണ് പുരസ്ക്കാരം.
ജഗദ്ഗുരു ഭാരതീ തീർത്ഥ മഹാസ്വാമികളുടെ ദിവ്യസപ്തതിയോടനുബന്ധിച്ചാണ് മികച്ച മാനുഷിക സേവനങ്ങൾക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ പത്മശ്രീ.വി.ആർ. ഗൗരിശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. ആനന്ദിന്റെ നേതൃത്വത്തിൽ ആദിശങ്കര ട്രസ്റ്റ് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന മുന്നേറ്റത്തെ മഠാധിപതി ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ അഭിനന്ദിച്ചു.
എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്, ട്രയിനിംഗ് കോളേജ്, എം.ബി.എ. കോളേജ്, സ്ക്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദിശങ്കര ട്രസ്റ്റ് സംസ്ഥാനത്ത് നടത്തുന്നത്. ഈ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കാൻ ശൃംഗേരിമഠത്തിന്റെ പുരസ്ക്കാരം പ്രചോദനം നൽകുന്നുവെന്ന് കെ. ആനന്ദ് വ്യക്തമാക്കി. ആറായിരത്തിലധികം വിദ്യാർത്ഥികളാണ് ഓരോ വർഷവും ആദിശങ്കര ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നത്.