ADVERTISEMENT

കാക്കനാട്∙ റോഡുകളിൽ താഴ്ന്നു കിടക്കുന്ന കേബിൾ ആളെ കുരുക്കി വീഴ്ത്തുന്നു. സിവിൽ ലൈൻ റോഡിലെ ചെമ്പുമുക്കിൽ സ്കൂട്ടർ യാത്രയ്ക്കിടെ കഴുത്തിൽ കേബിൾ കുരുങ്ങി ഫോർട്ട്കൊച്ചി വെളിയിൽ ആൽബർട്ടിന്റെയും മേരി മഗ്ദലേനയുടെയും മകൻ അലൻ ആൽബർട്ട് (25) മരിച്ചതാണ് ഒടുവിലത്തെ സംഭവം. കേബിളിൽ ഇരുചക്ര വാഹനങ്ങൾ കുരുങ്ങി അപകടത്തിൽപെട്ട് ഒട്ടേറെ പേർക്ക് പരുക്കേറ്റ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.45നാണ് അലന്റെ മരണത്തിനിടയാക്കിയ അപകടം. ജനറേറ്റർ കൊണ്ടുവന്ന വാഹനത്തിൽ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്കൂട്ടറിൽ വന്ന അലന്റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു.

സമീപത്തെ ഓഡിറ്റോറിയത്തിൽ കല്യാണ ആവശ്യത്തിന് കൊണ്ടുവന്ന ജനറേറ്റർ തിരികെ കൊണ്ടുപോകുമ്പോഴാണ് സംഭവം. കേബിൾ കുരുങ്ങി സ്കൂട്ടറിൽ നിന്നു താഴെവീണ അലനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. സംസ്കാരം നടത്തി. സഹോദരി: അപർണ. സ്ക്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത നിഖിലിന് പരുക്കേറ്റു.അലന്റെ ബന്ധു വി.ആർ.വർഗീസിന് (54) രണ്ടു മാസം മുൻപു കലൂർ ജംക‍്ഷനിലെ കേബിളിൽ കുരുങ്ങി ബൈക്കു മറിഞ്ഞു പരുക്കേറ്റിരുന്നു. 

റോഡിലെ കേബിളുകൾ ചിലയിടങ്ങളിൽ താഴ്ന്നു കിടക്കുന്നത് അപകട‌ം സൃഷ്ടിക്കുന്നതായി നേരത്തെയും പരാതിയുണ്ട്. വലിയ വാഹനങ്ങളിൽ കുരുങ്ങാവുന്നത്ര താഴ്ന്നാണ് കേബിളുകൾ കിടക്കുന്നത്. ചില കമ്പനികൾ പുതിയ കേബിൾ വലിച്ചപ്പോൾ ഉപേക്ഷിച്ച പഴയ കേബിളുകൾ ഇപ്പോഴും നിലവിലുണ്ട്. ഇവയാണു താഴ്ന്നു കിടന്നാലും പൊട്ടി വീണാലും ആരും തിരിഞ്ഞു നോക്കാത്തത്. 3 വർഷം മുൻപു കേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രികനു ഗുരുതര പരുക്കേറ്റപ്പോൾ അവ മുറിച്ചുമാറ്റാൻ നഗരസഭ രംഗത്തിറങ്ങിയിരുന്നു. അഗ്നിശമന സേനയും റോഡിലെ താഴ്ന്ന കേബിളുകൾ മുറിച്ചു മാറ്റിയിരുന്നു. പിന്നീട് ആരും ശ്രദ്ധിക്കാതെയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com