ADVERTISEMENT

കൊച്ചി ∙ ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരിൽ ചിലരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രതികൾ  ഉടൻ പിടിയിലാകുമെന്നു പൊലീസ്. ഇതിനായി ഗവ. റെയിൽവേ പൊലീസ് (ജിആർപി) നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകൾ ലഭിച്ചെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സീസൺ ടിക്കറ്റ് യാത്രികരായ ഇവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി ഒളിവിലാണ്. ഫോൺവിളി വിവരങ്ങൾ ശേഖരിച്ച് ഒടുവിൽ സംസാരിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ സ്വദേശികൾ ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥാപനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. 

ആക്രമണത്തിനിരയായ പതിനാറുകാരിയിൽ നിന്നും ഒപ്പം യാത്ര ചെയ്ത പിതാവിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.  പെൺകുട്ടിയെയും പിതാവിനെയും ട്രെയിനിൽ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിക്ടിം റൈറ്റ്സ് സെന്റർ  സംഭവത്തിൽ വിവരങ്ങൾ തേടി. പെൺകുട്ടിക്ക് നിയമപരവും അല്ലാത്തതുമായ എല്ലാ സഹായവും സൗജന്യമായി  ലഭ്യമാക്കുമെന്ന് സെന്ററിന്റെ പ്രവർത്തകരായ അഡ്വ. പാർവതി സഞ്ജയ്, അഡ്വ.ഷിബി എന്നിവർ അറിയിച്ചു. 

അതിക്രമം നടന്നു 3 ദിവസം കഴിഞ്ഞിട്ടും പ്രതികളിൽ ആരെയും പിടികൂടാൻ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ നീതി തേടി ഇന്നു ഹൈക്കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതു സമ്മർദം കൊണ്ടാണെന്നും അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ചു തൃശൂർ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ചും ധർണയും നടത്താൻ ശ്രമിച്ച ദലിത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയും പിതാവും തൃശൂരിലാണ് പരാതി നൽകിയതെങ്കിലും അന്വേഷണം എറണാകുളത്തേക്കു മാറ്റിയിരുന്നു.

അതിക്രമ സംഭവം ഇടപ്പള്ളി മുതലാണ് എന്നതു പരിഗണിച്ചാണു നടപടി എന്നാണ് വിശദീകരണമെങ്കിലും പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇതെന്നാണു പെൺകുട്ടിയുടെ പിതാവു പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പെൺകുട്ടിയെ സഹയാത്രികരിൽ ചിലർ അപമാനിക്കാൻ ശ്രമിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനു മുന്നിൽ  നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.വി. രാജു, ഭാരവാഹികളായ ധന്യ, എ.എസ്. വാസു തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com