ADVERTISEMENT

മഞ്ഞുമ്മൽ ∙ പൊതുമുതൽ അന്യാധീനപ്പെട്ടു പോകുന്നതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയും അധികാരികളുടെ കണ്ണു തുറപ്പിക്കുകയും ചെയ്ത മഞ്ഞുമ്മൽ ചേലക്കാട്ട് വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ അകാലത്തിലെ വേർപാട് നാ‌‌ട്ടുകാർക്കു നൊമ്പരമായി.മഞ്ഞുമ്മലിലെ അയ്യൻകുളം സംരക്ഷിക്കുന്നതിനായി 25 വർഷമാണു ലത്തീഫ് പോരാടിയത്. ഈ പോരാട്ടമാണ് ലത്തീഫിന് ‘അയ്യൻകുളം ലത്തീഫ് ’ എന്ന വിളിപ്പേര് സമ്മാനിച്ചത്. അയ്യൻകുളം ജലാശയത്തിന്റെ സംരക്ഷണം ലത്തീഫിനു ജീവിതവൃതമായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനും മറ്റുമായി കോടതി വ്യവഹാരങ്ങളും വേണ്ടിവന്നു.

അയ്യൻകുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി 1992ലാണ് ലത്തീഫ് പോരാട്ടം തുടങ്ങുന്നത്. 75 സെന്റാണു കുളത്തിന്റെ വിസ്തീർണമെന്നു ലത്തീഫ് ശേഖരിച്ച രേഖകൾ വ്യക്തമാക്കുന്നു. കുളത്തിന്റെ വിസ്തീർണം നിജപ്പെടുത്താൻ 9 പ്രാവശ്യം സർവേയർ അളന്നു. 2013 ജൂലൈ 31നാണ് കുളം അവസാനമായി അളന്നത്. വിസ്തീർണം 67.400 സെന്റെന്ന് ഉറപ്പിച്ചു. തിരഞ്ഞെടുപ്പുകളിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ അയ്യൻകുളം കേന്ദ്രീകരിച്ചുള്ള വികസന പദ്ധതിക്ക് ഇടം ലഭിക്കാൻ ലത്തീഫിന്റെ പോരാട്ടം വഴിതെളിച്ചു.

2018 ഡിസംബറിൽ അയ്യൻകുളം സാംസ്കാരിക നിലയത്തിന് നഗരസഭ രൂപരേഖ തയാറാക്കി. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ നീക്കിവച്ചത്. മധ്യത്തിൽ നീന്തൽകുളവും പ്രഭാത–സായാഹ്ന സവാരിക്കുതകുന്ന വിധത്തിൽ നടപ്പാതയും ഇരിപ്പിടങ്ങളും അടങ്ങുന്നതാണ് നഗരസഭ വിഭാവനം ചെയ്ത പദ്ധതി. ഇതിൽ ലത്തീഫിന്റെ ആവശ്യമായിരുന്ന കുളം സംരക്ഷണം മാത്രമാണ് യാഥാർഥ്യമായത്. 2020 ജൂൺ 5നാണ് നവീകരിച്ച അയ്യൻകുളം നഗരസഭ ലത്തീഫിന്റെ സാന്നിധ്യത്തിൽ നഗരസഭ ജനങ്ങൾക്കു സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com