ADVERTISEMENT

കൊച്ചി∙ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ആരോപിച്ചുള്ള കള്ളക്കേസിൽ കുടുക്കി യുവതിയെയും സഹപ്രവർത്തകനെയും അറസ്റ്റ് ചെയ്തു തടവിലാക്കിയ സംഭവത്തിൽ ഹൈക്കോടതി എസ്ഐയുടെ വിശദീകരണം തേടി. റിമാൻഡ് ഉത്തരവിറക്കിയ മജിസ്ട്രേട്ടിന്റെ റിപ്പോർട്ടും ഹൈക്കോടതി റജിസ്ട്രാർ ജനറൽ മുഖേന തേടിയിട്ടുണ്ട്. 

കേസ് നടപടികളിൽ സുപ്രീംകോടതിയുടെ മാർഗരേഖ ലംഘിച്ചതായി ആരോപിച്ച് യുവതിയും സഹപ്രവർത്തകനും നൽകിയ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ചാണു ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മതിയായ സമയം നൽകിയിട്ടും എളമക്കര എസ്ഐ ഫൈസൽ വിശദീകരണം നൽകിയില്ലെന്നു കുറ്റപ്പെടുത്തിയ കോടതി കൊച്ചി പൊലീസ് കമ്മിഷണർ മുഖേന എസ്ഐക്കു നോട്ടിസ് നൽകി. 

∙ സംഭവം ഇങ്ങനെ:

വിവാഹമോചിതയായ ഇരുപത്തിരണ്ടുകാരി 10 മാസം പ്രായമുള്ള കുഞ്ഞുമായി അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്. അമ്മയുടെ അടുപ്പക്കാരൻ ലൈംഗികമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് യുവതി സഹപ്രവർത്തകന്റെ സഹായത്തോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നൽകി. ഇതോടെ ശത്രുതയിലായ അമ്മ യുവതി വീട്ടിൽ കയറുന്നതു വിലക്കിയതിനാൽ സഹപ്രവർത്തകന്റെ വീട്ടിൽ പോകേണ്ടി വന്നു. 

എന്നാൽ മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ പൊലീസിൽ പരാതി നൽകി. കുഞ്ഞിനെ വിട്ടിട്ടു പോയെന്നു കാണിച്ച് ശിശുക്ഷേമ സമിതിക്കു മെയിൽ അയയ്ക്കുകയും ചെയ്തു. പൊലീസ് ആദ്യം ആളെ കാണാനില്ലെന്നു കേസ് എടുത്തെങ്കിലും പിന്നീടതു ഭേദഗതി ചെയ്ത് കുഞ്ഞിനെ മനഃപൂർവം ഉപേക്ഷിച്ചതായി ആരോപിച്ച് ബാലനീതി നിയമ പ്രകാരം വകുപ്പുകൾ ചേർത്തു. പ്രേരണക്കുറ്റത്തിനു സഹപ്രവർത്തകനെയും പ്രതിയാക്കി. ഇരുവരെയും അറസ്റ്റ് ചെയ്ത് 5 ദിവസം റിമാൻഡ് ചെയ്തു.  

∙ കോടതി പറഞ്ഞത്:

ലൈംഗിക ഉപദ്രവം ഉള്ളതായി യുവതി പരാതിപ്പെട്ടെങ്കിലും മജിസ്ട്രേട്ട് കണക്കിലെടുത്തില്ലെന്നും കുട്ടിയെ മനഃപൂർവം ഉപേക്ഷിച്ചതാണോ എന്നു വിലയിരുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാര്യം മനസ്സിലാക്കിയാണോ റിമാൻഡ് ഉത്തരവ് ഇറക്കിയതെന്നു മജിസ്ട്രേട്ട് അറിയിക്കണം. കുഞ്ഞിനെ മനഃപൂർവം ഉപേക്ഷിച്ചതാണെന്നു പ്രഥമവിവര റിപ്പോർട്ടിലോ മൊഴിയിലോ ഇല്ലെങ്കിലും പൊലീസ് അറസ്റ്റിനും റിമാൻഡിനും മുതിർന്നു. 

യുവതിയുടെ അമ്മയുടെ ആദ്യവിവാഹം നിയമപരമായി ഒഴിഞ്ഞതാണോ എന്നും ഒപ്പമുള്ള വ്യക്തിയെ വിവാഹം ചെയ്തിട്ടുണ്ടോ എന്നും കമ്മിഷണർ അന്വേഷിക്കണം. യുവതിയെ ഇയാളുടെ മകളായി എഫ്ഐആറിൽ വിശേഷിപ്പിച്ച സാഹചര്യത്തിലാണ് ഈ വിവരം തേടിയത്.  7 വർഷം വരെ ശിക്ഷയുള്ള കേസുകളിൽ 41(എ) ചട്ടപ്രകാരമുള്ള മുൻകൂർ നോട്ടിസ് പൊലീസ് നൽകാതിരുന്നതും മതിയായ കാരണമില്ലാതെ മജിസ്ട്രേട്ട് തടവ് അംഗീകരിച്ചതും സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്നാണ് ആക്ഷേപം. ജൂലൈ 7നു കേസ്  പരിഗണിക്കും.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com