ADVERTISEMENT

അങ്കമാലി ∙ അങ്കമാലിയിലും പരിസരങ്ങളിലും ഗതാഗതക്കുരുക്കിനു ശമനമില്ല. ഭൂരിഭാഗം ദിവസങ്ങളിലും ദേശീയപാതയും എംസി റോഡും ഗതാഗതക്കുരുക്കിലാണ്. രാവിലെയും വൈകിട്ടും ദേശീയപാതയിൽ കറുകുറ്റി മുതൽ ടെൽക് വരെയുള്ള ഭാഗത്തും എംസി റോഡിൽ വേങ്ങൂർ വരെയും ഗതാഗതക്കുരുക്ക് നീളാറുണ്ട്. മഴ പെയ്താൽ കുരുക്കേറും. കാലടിയിലെ ഗതാഗതക്കുരുക്ക് കഴിഞ്ഞ് വരുന്ന യാത്രക്കാരാണ് അങ്കമാലിയിലെ ഗതാഗതക്കുരുക്കിലും പെടുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ പോകുന്നവരും മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ട അവസ്ഥയാണുള്ളത്. ദേശീയപാതയും എംസി റോഡും ഗതാഗതക്കുരുക്കിലാകുമ്പോൾ തിരിഞ്ഞുപോകാൻ മറ്റ് വഴികളില്ലാതെ യാത്രക്കാർ വലയുകയാണ്. നിശ്ചിത സമയത്ത് വിമാനത്താവളത്തിൽ എത്താനാവാതെ യാത്ര മുടങ്ങിയവർ ഏറെയാണ്.

ദേശീയപാതയും എംസി റോഡും വേണ്ടത്ര വീതിയെടുക്കാതെ വികസിപ്പിച്ചതിനാലാണ് ഗതാഗതക്കുരുക്ക് കൂടിയത്. അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. നടപ്പാത കയ്യടക്കിയാണു പാർക്കിങ്. നടപ്പാതയ്ക്കു കുറുകെ വാഹനങ്ങൾ കയറ്റിയിട്ട് പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുണ്ട്. ക്യാംപ് ഷെഡ് റോഡിന്റെ വശങ്ങളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് അപകടസാധ്യത ഉയർത്തുന്നുണ്ട്. അനധികൃത പാർക്കിങ് നടത്തുന്നർക്ക് പിഴ ഈടാക്കുന്നുണ്ടെങ്കിലും സൗജന്യമായി പാർക്ക് ചെയ്യാൻ ഇടങ്ങളില്ലാത്തതിനാൽ ജനം വലയുന്നുണ്ട്.

ടൗണിലെ കെട്ടിടങ്ങളുടെ കാർ പാർക്കിങ് ഏരിയകൾ അടച്ചുകെട്ടി വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റിയതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ വഴിയിൽ പാർക്ക് ചെയ്യേണ്ട ഗതികേടിലാണു ജനം. മാർക്കറ്റ് റോഡ്, ക്യാംപ് ഷെഡ് റോഡ് തുടങ്ങി ടൗണിലെ എല്ലാ റോഡുകളിലും വൻതിരക്കാണ്. ടിബി, ബാങ്ക്, എൽഎഫ് ഉൾപ്പെടെയുള്ള ജംക്‌ഷനുകളിലും അനധികൃത പാർക്കിങ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

കെട്ടിട അപ്രൂവൽ ഫയലുകൾ കാണാനില്ല

വിവരാവകാശ നിയമപ്രകാരം എൽജെഡി ജില്ലാ പ്രസിഡന്റ് ജെയ്‌സൺ പാനികുളങ്ങര നൽകിയ അപേക്ഷയിൽ നഗരസഭയിൽ സൂക്ഷിക്കേണ്ട കെട്ടിട അപ്രൂവൽ ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ ഫയലുകൾ നഗരസഭയിൽ നിന്നു കടത്തി. ടൗണിന്റെ ഹൃദയ ഭാഗത്തുള്ള കെട്ടിടങ്ങളുടെ ബിൽഡിങ് അപ്രൂവൽ ഫയലുകൾ കാണാതായതിനു പിന്നിൽവൻ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്നും ജെയ്‌സൺ പാനികുളങ്ങര ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com