വൈപ്പിൻ∙ ഒരിടവേളയ്ക്കു ശേഷം നായരമ്പലം പഞ്ചായത്തിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആളൊഴിഞ്ഞ് കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേക്കും വ്യാപിച്ചു തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഈ മേഖലയിലെ പോക്കറ്റ് റോഡുകളിൽ വാഹനങ്ങൾ കയറി ചതഞ്ഞരഞ്ഞ നിലയിലുള്ള ഒച്ചുകൾ പതിവു കാഴ്ചയായിട്ടുണ്ട്. ഒച്ചുകളിൽ നിന്നുള്ള സ്രവം മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾക്കു കാരണമാകുമെന്നതാണു പ്രധാനമായും ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇതിനു പുറമേ ഒച്ചുകൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നതായും പരിസരവാസിയായ ശ്രീജിത്ത് കുന്നത്തുശ്ശേരി പറഞ്ഞു.
പച്ചക്കറികളുടെയും പപ്പായ തുടങ്ങിയ ചെറു വൃക്ഷങ്ങളുടെയും ഇലകൾ കൂട്ടമായെത്തുന്ന ഒച്ചുകൾ അൽപ സമയത്തിനുള്ളിൽ തിന്നു തീർക്കുന്ന സ്ഥിതിയാണ്. വെയിൽ തെളിയുമ്പോൾ മണ്ണിനടിയിലേക്ക് പിൻവലിയുന്ന ഒച്ചുകൾ മഴ തുടങ്ങുന്നതോടെ ഇരട്ടിയായാണ് പുറത്തേക്ക് എത്തുന്നതെന്നും നാട്ടുകാർ പറയുന്നു. ഒച്ച് ശല്യം പരിഹരിക്കാൻ നേരത്തെ രംഗത്തിറങ്ങിയ ചില സംഘടനകൾ ഇപ്പോൾ പിൻവാങ്ങിയ മട്ടാണ്. പഞ്ചായത്ത് അധികൃതർ ഇക്കാര്യം അറിഞ്ഞ മട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഉപ്പു പൊടി വിതറി ഇവയെ പ്രതിരോധിക്കാൻ നാട്ടുകാർ നടത്തുന്ന ശ്രമവും ഇപ്പോൾ ഫലിക്കുന്നില്ല.