ADVERTISEMENT

കൊച്ചി∙ ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ 3 പ്രതികളുടെ ഒളിത്താവളം റെയിൽവേ പൊലീസ് കണ്ടെത്തിയതായി സൂചന. ഉടൻ അറസ്റ്റുണ്ടായേക്കും. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്ത 5 പ്രതികളിൽ മൂന്നു പേരുള്ള മേഖലയാണു തിരിച്ചറിഞ്ഞത്. പ്രതികളിൽ രണ്ടു പേർ ചാലക്കുടി സ്വദേശികളും ഒരാൾ പുതുക്കാട് സ്വദേശിയുമാണ്. ദൃശ്യങ്ങളിൽ നിന്നും ലഭ്യമായ ചിത്രങ്ങളിൽ നിന്ന് ഇവരെ അക്രമത്തിനിരയായ പെൺകുട്ടിയും പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണു പ്രതികൾ.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവരുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതികളെ തിരഞ്ഞു പല തവണ പൊലീസ് അവരുടെ വീടുകളിലെത്തിയിരുന്നെങ്കിലും മാതാപിതാക്കളോ ബന്ധുക്കളോ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്രതികൾ എവിടെയാണെന്ന വിവരം തങ്ങൾക്കറിയില്ലെന്ന വിവരമാണു വീട്ടുകാർ പൊലീസിനു കൈമാറിയിട്ടുള്ളത്. കേസന്വേഷണച്ചുമതലയുള്ള ഗവ. റെയിൽവേ പൊലീസിന്റെ 4 സംഘങ്ങൾ, പ്രതികൾ ഉള്ളതായി സംശയിക്കുന്ന മേഖലകളിൽ ഊർജിത തിരച്ചിലിലാണ്.

മുൻപു ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ളവരല്ല പ്രതികൾ എന്നു പൊലീസ് പറയുന്നു. എറണാകുളത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് ഇവർ. കുറ്റകൃത്യം പുറത്തറിഞ്ഞയുടൻ സ്വിച്ച് ഓഫ് ചെയ്ത ഇവരുടെ സെൽഫോണുകൾ പിന്നീട് ഇതു വരെ ഓണാക്കിയിട്ടില്ല. ഇതാണ് അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നത്. കഴിഞ്ഞ ശനി രാത്രിയാണു തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പതിനാറുകാരിയെ സഹയാത്രികർ അപമാനിക്കാൻ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ പിതാവ് മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com