ADVERTISEMENT

കൊച്ചി∙ അനധികൃത റിക്രൂട്മെന്റിന്റെ കേന്ദ്രമായി കൊച്ചി മാറുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, കുവൈത്തിലേക്ക് ഒട്ടേറെ യുവതികളെ കടത്തിയത് ഷാർജ വഴിയാണെന്നു വ്യക്തമായി.  യുഎഇ സന്ദർശക വീസയിൽ യുവതികളെ ഷാർജയിൽ എത്തിച്ച് അവിടെ നിന്നാണു കുവൈത്തിലേക്കു കൊണ്ടുപോയിരുന്നത്. പത്താം ക്ലാസ് യോഗ്യത ഇല്ലാത്തവർക്ക് വിദേശ ജോലിക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാലാണ്  ഈ രീതിയിൽ എത്തിക്കുന്നത്.

യോഗ്യതയുള്ളവരെ നേരിട്ടു കുവൈത്തിലേക്ക് അയയ്ക്കും. ഏജന്റിന്റെ സ്വാധീനം ഉപയോഗിച്ച് താൽക്കാലിക എമിഗ്രേഷൻ ക്ലിയറൻസ് എടുത്ത് യുവതികളെ യാത്രയാക്കുന്ന സംഭവങ്ങളുമുണ്ട്. ചെന്നൈ, ലക്നൗ വിമാനത്താവളങ്ങൾ വഴിയും ചിലരെ ഏജന്റുമാർ അയയ്ക്കുന്നുണ്ടെങ്കിലും കൊച്ചി തന്നെയാണു പ്രധാന കേന്ദ്രം. യുഎഇക്കു പുറമെ മറ്റു ചില ഗൾഫ് രാജ്യങ്ങളിലേക്കു സന്ദർശകവീസയിലെത്തിച്ച ശേഷവും കുവൈത്തിലേക്കു വിടുന്നുണ്ട്.  

ബ്ലൂകോർണർ നോട്ടിസ് വേണ്ടെന്ന് നിയമോപദേശം

മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി മജീദിനെ (എം.കെ.ഗാസലി) നാട്ടിലെത്തിക്കാൻ ഇന്റർപോൾ വഴി ബ്ലൂകോർണർ തിരച്ചിൽ നോട്ടിസ് ഇറക്കേണ്ടെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു. കുറ്റകൃത്യങ്ങളിൽ രാജ്യം വിടുന്ന പ്രതികൾ വിദേശത്ത് എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് അറിയാത്ത ഘട്ടത്തിലാണു ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടി വരുന്നത്. ഇരകളുടെ പരാതിയെ തുടർന്നു കേരള പൊലീസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിലുണ്ടായിരുന്ന മജീദ് വിദേശത്തേക്കു കടക്കുകയായിരുന്നു.

മജീദ് കുവൈത്തിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണു ബ്ലൂ കോർണർ നോട്ടിസിന്റെ പ്രസക്തിയില്ലാതായത്. ഇതിനിടെ കേസിൽ റിമാൻഡ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ മജീദ് നിയമസഹായം തേടിയിട്ടുണ്ട്.അടിമത്താവളങ്ങളിൽ നിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരികെയെത്തിയ ഇരകളുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ കേന്ദ്ര ഏജൻസികൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നു മജീദ് കടത്തിയ യുവതികളുടെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മനുഷ്യക്കടത്ത് റാക്കറ്റ് ഇരകളെ വിദേശത്തേക്കു കടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com