മൂവാറ്റുപുഴ∙ മൂന്നാം വാർഷികത്തിൽ അയ്യായിരം ഡയാലിസിസ് പൂർത്തിയാക്കാൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ. 4800 ഡയാലിസിസ് ആണ് ഇതുവരെ പൂർത്തിയാക്കിയത്. നിർധനരായ വൃക്ക രോഗികൾക്ക് ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണു ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ. വൃക്ക തകരാറിലായി തുടർ ചികിത്സ ചെലവു താങ്ങാനാവാത്ത അശരണരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഡയാലിസിസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് 28നാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒരു മാസം ഇരുന്നൂറോളം ഡയാലിസിസ് ആണു നടത്തുന്നത്.
ഒരു ഡോക്ടറും ഒരു നഴ്സും 4 ഡയാലിസിസ് ടെക്നീഷ്യന്മാരും 2 ക്ലീനിങ് ജീവനക്കാരും ഉൾപ്പെടെ എട്ട് പേരാണ് ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ആറ് ഡയാലിസിസ് മെഷീനുകളാണ് നിലവിൽ ഇവിടെയുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഒറ്റ ഷിഫ്റ്റിൽ ആയിരുന്നു ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം രണ്ട് ഷിഫ്റ്റായി മാറ്റി. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഒരു ഷിഫ്റ്റ്, രാവിലെ 11 മുതൽ വൈകിട്ട് ആറു വരെ മറ്റൊരു ഷിഫ്റ്റ്. കാരുണ്യ, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് സൗജന്യമായാണ് ചികിത്സ. അല്ലാത്തവർക്ക് ഒരു തവണത്തേക്ക് 500 രൂപ മാത്രമാണ് ചെലവ് വരുന്നത്.