ADVERTISEMENT

ആലുവ∙ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിച്ചു മൂന്നര വർഷം മുൻപു നിർമാണം ആരംഭിച്ച ഫുട്ഓവർബ്രിജിന്റെ പണി ഇപ്പോഴും തുടങ്ങിയേടത്തു തന്നെ. നിർമാണ പ്രവർത്തനങ്ങൾക്കായി പൊളിച്ചിട്ട ഭാഗത്തു കൂടി സാമൂഹികവിരുദ്ധർ യഥേഷ്ടം റെയിൽവേ സ്റ്റേഷന്റെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ഫുട്ഓവർബ്രിജ് കുത്തനെ ഉള്ളതായതിനാൽ യാത്രക്കാർക്കു കയറാനും ഇറങ്ങാനും പ്രയാസമാണ്.

വീതിയും കുറവ്. ഈ സാഹചര്യത്തിലാണ് 2018 ഡിസംബറിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നു റെയിൽപാളത്തിനു കുറുകെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്കു പുതിയ ഫുട്ഓവർബ്രിജിന്റെ പണി തുടങ്ങിയത്. ഇതുവരെ ഒരു തൂണിന്റെ പണി പോലും പൂർത്തിയായിട്ടില്ല. വർഷങ്ങൾക്കു മുൻപു മറ്റു ചില നിർമാണ പ്രവർത്തനങ്ങൾക്ക് ഇരുമ്പു ഷീറ്റുകളും ആംഗ്ലയറുകളും  റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ ആർഎംഎസ് പാർക്കിങ്ങിനും റെയിൽവേ സ്റ്റേഷനും മധ്യത്തിൽ ഉണ്ടായിരുന്ന മതിൽ 50 മീറ്റർ സ്ഥലത്തു പൊളിച്ചിരുന്നു. 

ഫുട്ഓവർബ്രിജിന്റെ പണി സ്തംഭിച്ചതോടെ മതിൽ പൊളിച്ച ഭാഗത്തു കൂടി സാമൂഹിക വിരുദ്ധർക്കും പിടിച്ചുപറിക്കാർക്കും പരിശോധന കൂടാതെ റെയിൽവേ സ്റ്റേഷനിൽ കടക്കാമെന്ന സ്ഥിതിയായി. ഇവരിൽ പലരും അന്തിയുറങ്ങുന്നതു പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളിലുമാണ്. ഫുട്ഓവർബ്രിജിനു പുറമേ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര ഇല്ലാത്ത ഭാഗങ്ങളിൽ അവ നിർമിക്കാനും 2018ൽ അനുമതി ലഭിച്ചിരുന്നു. അതും നടപ്പായില്ല. റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം നിർമിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ചില നിക്ഷിപ്ത താൽപര്യക്കാർ ആണെന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com