വാവേലിയിൽ വീട്ടുമുറ്റത്ത് വീണ്ടും കാട്ടാനയുടെ പരാക്രമം; ഭീതിയോടെ വീട്ടുകാർ

ernakulam-wall-damaged
വാവേലി ചിരട്ടയ്ക്കൽ കുഞ്ഞുമോന്റെ വീടിന്റെ ഭിത്തിയിൽ കാട്ടാന കുത്തി തുള വീഴ്ത്തിയ നിലയിൽ.
SHARE

കോതമംഗലം∙ കോട്ടപ്പടി വാവേലി ചിരട്ടയ്ക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്തു ബുധൻ രാത്രിയെത്തിയ ഒറ്റയാൻ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ വെള്ളി രാത്രി ഈ വീടിനു മുകളിലേക്ക് ആന മരം മറിച്ചിട്ടിരുന്നു. ബുധൻ രാത്രി ഒരു മണിക്കൂറോളം ചിന്നംവിളിച്ചു പാഞ്ഞുനടന്ന കൊമ്പൻ ഭിത്തിയിൽ ആഞ്ഞുകുത്തി തുള വീഴ്ത്തി. ഷെഡ് തകർത്തു. ഇരുമ്പിന്റെ ഗോവണി എടുത്തെറിഞ്ഞു. വളർത്തുനായയെ കൊല്ലാൻ ശ്രമിച്ചു. കൊച്ചുകുട്ടികൾ അടങ്ങുന്ന കുടുംബം ആനയുടെ പരാക്രമം മൂലം ഭയത്തോടെയാണു വീട്ടിൽ കഴി‍ച്ചുകൂട്ടിയത്. വീടിനുള്ളിലേക്ക് ആന കയറുമോയെന്നും ആശങ്കയുണ്ടായി. നാട്ടുകാർ ബഹളം വച്ചാണ് ആനയെ ഓടിച്ചത്. എല്ലാം കഴി‍ഞ്ഞാണു വനപാലകർ എത്തിയതെന്നു വീട്ടുകാർ പരാതിപ്പെട്ടു. 

പുരയിടത്തിലെ പ്ലാവിലെ ചക്ക തിന്നാൻ ആന നേരത്തേ മൂന്നുവട്ടം എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച വനാതിർത്തിയിലെ അക്കേഷ്യ മരം ആന വീട്ടിലേക്കു മറിച്ചിട്ടതിനാൽ മുൻകരുതലായി ഈ പ്ലാവും വെട്ടിമാറ്റി. ചക്ക തിന്നാൻ എത്തിയപ്പോൾ ലഭിക്കാത്തതിനാലാണ് ആന പരാക്രമം കാട്ടിയതെന്നു കരുതുന്നു. മരം മറിച്ചിട്ടപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു വനപാലകരുടെ വാഹനം തടഞ്ഞുവച്ചിരുന്നു. അടിയന്തര പരിഹാരം ഉറപ്പു നൽകിയാണ് അന്നു പ്രതിഷേധം അവസാനിപ്പിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കു വനപാലകർ നടപടിയെടുക്കണമെന്നാണു കുഞ്ഞുമോന്റെയും കുടുംബത്തിന്റെയും ആവശ്യം. കൂലിപ്പണിക്കാരായ ഇവർക്കു മറ്റൊരിടത്തേക്കു താമസം മാറ്റാനുള്ള സാമ്പത്തികശേഷിയില്ല. 

പ്രദേശത്ത് ആന വ്യാപക നാശംവരുത്തിയിട്ടുണ്ട്. കാരവള്ളി രാധാകൃഷ്ണൻ, മോഹനൻ, തുപ്പനാട്ട് വേലായുധൻ എന്നിവരുടെ പുരയിടങ്ങളിലാണു നാശമുണ്ടാക്കിയത്. കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് ഓടിച്ചുവിടാൻ പുറത്തിറങ്ങി ഒച്ചവച്ച രാധാകൃഷ്ണനു നേരെ പാഞ്ഞടുത്തു. ഓടി വീട്ടിൽ കയറി കതകടച്ചു രക്ഷപ്പെടുകയായിരുന്നു. ആക്രമണം പതിവാക്കിയ ഈ ആനയെ പ്രദേശത്തുനിന്നു നീക്കംചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വനംവകുപ്പ് പരിഹാരം കാണാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS