ചേപ്പനം ∙ കായലിൽ ഇരച്ചെത്തിയ മത്സ്യക്കൂട്ടം കൗതുകമായി. ചാള (മത്തി), കൂരി എന്നീ മീനുകളായിരുന്നു. ബണ്ടിനു സമീപം പതിവില്ലാത്ത വിധം ധാരാളം നീർകാക്കകൾ മീൻ പിടിക്കുന്നതു കണ്ടു നാട്ടുകാർ നോക്കിയപ്പോഴാണ് 'ചാകര' കണ്ടത്. മത്സ്യക്കൂട്ടത്തെ വലയിലാക്കാൻ മത്സ്യത്തൊഴിലാളികൾ എത്തിയെങ്കിലും പ്രതീക്ഷിച്ച കോള് കിട്ടിയില്ല.
കടൽ മത്സ്യമായ ചാള ഉൾനാടൻ കായലിൽ കിട്ടുന്നത് ഇത് ആദ്യമല്ല. ഏതാനും വർഷം മുൻപ് കൈതപ്പുഴക്കായലിൽ ചാള കിട്ടിയിരുന്നു. ചാള എത്തിയതോടെ മറ്റ് മത്സ്യങ്ങൾ അപ്രത്യക്ഷമായെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എക്കൽ അടിഞ്ഞ് കായലിന്റെ സ്വാഭാവിക പരിസ്ഥിതി ഇല്ലാതായതോടെ ലവണാംശം കൂടിയതാവും കടൽ മത്സ്യമായ ചാള ഉൾനാടൻ ജലാശയങ്ങളിൽ എത്താൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.