കൊച്ചിയിൽ റേഷൻ കട നടത്താൻ ആളില്ല; 25 കടകൾ നടത്താൻ അപേക്ഷ, സന്നദ്ധത അറിയിച്ചത് ഒരാൾ

ekm-ration-closed
SHARE

കാക്കനാട്∙ റേഷൻ കട നടത്താൻ ആളെ കിട്ടുന്നില്ല. കൊച്ചി നഗരത്തിൽ ഒട്ടേറെ കാർഡുടമകൾ ദൂരം താണ്ടിയാണ് റേഷൻ വാങ്ങുന്നത്. നഗരത്തിലും പരിസരത്തുമായി 25 റേഷൻ കടകൾ നടത്താൻ അപേക്ഷ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് സന്നദ്ധത അറിയിച്ചത്. പല സമയങ്ങളിലായി നിർത്തി പോകുകയോ, സസ്പെൻഡ് ചെയ്യുകയോ ലൈസൻസി മരണമടയുകയോ ചെയ്തതുൾപ്പെടെയുള്ള കാരണങ്ങളാൽ ഒഴിവു വന്ന റേഷൻ കടകൾ ഏറ്റെടുക്കാനാണ് ആളെ തിരയുന്നത്. ഇവിടങ്ങളിലെ റേഷൻ കാർഡുകൾ മറ്റു റേഷൻ കടകളിൽ കൂട്ടിച്ചേർത്താണ് ഇപ്പോൾ റേഷൻ വിതരണം. പകരം കടകൾക്ക് അപേക്ഷ ക്ഷണിച്ചു മൂന്നാഴ്ച മുൻപ് ജില്ലാ സപ്ലൈ ഓഫിസർ വിജ്ഞാപനം ഇറക്കിയെങ്കിലും പ്രതികരണമില്ല.

3 ദിവസം കൂടി സമയമുണ്ട്. എറണാകുളം സിറ്റി റേഷനിങ് ഓഫിസിന്റെ പരിധിയിൽ കൊച്ചി നഗരത്തിന്റ വിവിധ ഭാഗങ്ങളിൽ റേഷൻ കട തുടങ്ങാനാണ് വിജ്ഞാപനം. പുതിയ റേഷൻ കടകളിൽ ഭൂരിഭാഗവും നടത്താനുള്ള ചുമതല പട്ടിക വിഭാഗക്കാർക്ക് നൽകുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായെന്നു പറയപ്പെടുന്നു. മൂന്നു തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ആളെ കിട്ടാതെ വന്നാൽ മാത്രമേ സംവരണ വിഭാഗ റേഷൻ കടകൾ പൊതു വിഭാഗത്തിലേക്ക് മാറ്റാനാകു. കൊച്ചി നഗരത്തിനു സമീപത്തു കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലും കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുമായി 47 പുതിയ റേഷൻ കടകൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവിടങ്ങളിലും അപേക്ഷകൾ കുറവാണ്. 

മുറി ലഭിക്കാനില്ല; കമ്മിഷൻ കുറവ്

റേഷൻ കടക്ക് അനുയോജ്യമായ മുറി കൊച്ചി നഗരത്തിൽ കിട്ടാനുള്ള ബുദ്ധിമുട്ടാണ് പുതിയ റേഷൻ കടകൾ തുടങ്ങാൻ ആളു കുറയാനുള്ള കാരണം. വൻ തുക മുൻകൂർ ഡിപ്പോസിറ്റ് ചെയ്ത് ഉയർന്ന നിരക്കിൽ വാടക നൽകി മുറിയെടുത്താൽ അതിനുതക്ക ലാഭം കിട്ടില്ലെന്നാണ് ആക്ഷേപം. റേഷൻ കടകൾക്ക് പഴയ കാലത്തെ ആകർഷണീയത ഇല്ലെന്നും നടത്തിപ്പുകാർ പറയുന്നു. ജില്ലയിൽ ആകെ 126 കേന്ദ്രങ്ങളിലാണ് പുതിയ റേഷൻ കടകൾ തുറക്കുന്നത്. ഇവിടങ്ങളിലെല്ലാം നിലവിലുണ്ടായിരുന്ന റേഷൻ കടകൾ വിവിധ കാരണങ്ങളാൽ പല സമയങ്ങളിലായി അടഞ്ഞു പോയതാണ്. പുതിയ റേഷൻ കടകൾക്കുള്ള അപേക്ഷാ ഫോം civilsupplieskerala.gov.in വെബ്സൈറ്റിൽ ലഭിക്കും.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS