തൃപ്പൂണിത്തുറ ∙ കൊച്ചി മെട്രോയുടെ വടക്കേക്കോട്ട, എസ്എൻ ജംക്ഷൻ സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം തുടങ്ങും. വ്യത്യസ്തമായ തീം ഡിസൈനുകൾ സ്റ്റേഷനുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ‘കേരളത്തിലെ സ്വാതന്ത്ര്യസമരം’ എന്ന ഡിസൈനാണു വടക്കേക്കോട്ട സ്റ്റേഷനു നൽകുന്നത്. എസ്എൻ ജംക്ഷൻ സ്റ്റേഷന് 'ആയുർവേദം' തീമും.

എസ്എൻ ജംക്ഷൻ
ആയുർവേദം എന്ന ഡിസൈനിലാണു എസ്എൻ ജംക്ഷൻ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുക. ധന്വന്തരിയുടെ ചിത്രം, ചരക മഹർഷിയുടെ സൃഷ്ടികൾ, പഞ്ചകർമയുടെ പ്രാധാന്യം വെളിവാക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തും. ആയുർവേദചര്യ പ്രകാരമുള്ള ജീവിതത്തിന്റെ പ്രാധാന്യം വിവരിക്കും. അഷ്ടാംഗ ആയുർവേദം, ത്രിഫല, തൃകടു, ദശപുഷ്പം, പഞ്ചമഹാഭൂതം, ത്രിദോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടാകും.
വടക്കേക്കോട്ട സ്റ്റേഷൻ
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം രാജ്യം ആഘോഷിക്കുന്ന ഘട്ടത്തിലാണു സ്വാതന്ത്ര്യസമരം വടക്കേക്കോട്ട സ്റ്റേഷനിൽ പ്രമേയം ആകുന്നത്. പഴയ എറണാകുളം ഗുഡ്സ് സ്റ്റേഷനിൽ കാലുകുത്തിയ നിമിഷം മുതൽ അവസാന സന്ദർശനം വരെയുള്ള ഗാന്ധിജിയുടെ കൊച്ചി സന്ദർശനങ്ങളുടെ ചിത്രങ്ങൾ ഇവിടെ ഉണ്ടാകും. ക്ഷേത്രപ്രവേശന വിളംബരം, വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ തുടങ്ങിയവ ചിത്രങ്ങളായി മെട്രോ സ്റ്റേഷന്റെ ചുമരുകളിൽ തെളിയും. കേരളത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചരിത്രത്തിൽ ഇടം നേടിയ പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളുമുണ്ടാകും.