ADVERTISEMENT

വൈപ്പിൻ∙  മഴയ്ക്കൊപ്പം  തിരമാലകളും ശക്തമായതോടെ  കടൽത്തീരത്തോടു ചേർന്നുള്ള  ജനവാസമേഖലകളിൽ ആശങ്ക വർധിക്കുന്നു, കടൽഭിത്തി ഇല്ലാത്തതും ദൂർബലാവസ്ഥയിലുള്ളതുമായ  സ്ഥലങ്ങളിലാണ്  ജനങ്ങൾ അരക്ഷിതാവസ്ഥയിലായിരിക്കുന്നത്. കടൽക്ഷോഭം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും   ജനപ്രതിനിധികളോ  ഉദ്യോഗസ്ഥരോ സ്ഥിതി  വിലയിരുത്താൻ  പോലും തയാറായിട്ടില്ലെന്ന് അവർ പരാതിപ്പെടുന്നു.

വെളിയത്താംപറമ്പിൽ  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ തകർന്ന മണൽവാടയുടെ ഭാഗങ്ങൾ പുനർ നിർമിച്ചുവെങ്കിലും അപകടഭീഷണി ഒഴിവായിട്ടില്ല. ശക്തമായ കടൽക്ഷോഭമുണ്ടായാൽ  മണിക്കൂറുകൾക്കുള്ളിൽ  വാട നിലംപൊത്തുമെന്ന്  തീരദേശവാസികൾ  പറയുന്നു. കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി കടൽക്കയറ്റത്തിന്റെ  കെടുതികൾ കൂടുതലായി  അനുഭവപ്പെടുന്ന മേഖലയാണിത്. എന്നാൽ തിരമാലകളെ പ്രതിരോധിക്കുന്നതിനുള്ള  താൽക്കാലിക നടപടികൾക്കു പോലും  അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ല. 

കടൽഭിത്തി തീർത്തും ദുർബലമായ എടവനക്കാട്, പഴങ്ങാട് മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. എടവനക്കാട് കടൽഭിത്തി താഴ്ന്ന് അപ്ര‌ത്യക്ഷമായതിനു പുറമേ തീരത്ത് വൻതോതിൽ മണലും കയറിക്കിടക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ കടൽക്കയറ്റ സമയത്ത് പെട്ടെന്നു തന്നെ വെള്ളം  കര‌യിലേക്ക് അടിച്ചു കയറുമെന്ന്  പരിസരവാസികൾ  പറയുന്നു.  പഴങ്ങാട് മേഖലയിലും  ബീച്ച് റോഡിൽ  മണൽ കുന്നുകൂടിക്കിടക്കുകയാണ്. 

കടൽഭിത്തി  താരതമ്യേന  മികച്ച അവസ്ഥയിലുള്ള പ്രദേശമായിരുന്നുവെങ്കിലും  ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ ഭിത്തി തകർന്നതാണ് ഇവിടെ ആശങ്കയ്ക്കിടയാക്കുന്നത്. മാത്രമല്ല കടൽ ക്ഷോഭിച്ചാൽ ഭിത്തിയുടെ അടിഭാഗത്തുള്ള  വിടവുകളിലൂടെയും വെള്ളമെത്തുന്ന  പ്രദേശമാണിത്. നേരത്തെയുണ്ടായ കടൽകയറ്റത്തിൽ ഈ ഭാഗത്തെ  ബീച്ച് റോഡ് ടാറിങും  അടിത്തറയും ഇളകി തകർന്ന അവസ്ഥയിലാണ്. ഇനി കടൽകയറ്റമുണ്ടായാൽ റോഡ് പൂർണമായിത്തന്നെ അപ്രത്യക്ഷമാകുമെന്ന്  പരിസരവാസികൾ  പറയുന്നു. തീരത്തു നിന്ന് അധികം അകലെയല്ലാതെ  വീടുകൾ ഉള്ള പ്രദേശങ്ങളാണ്  ഇവയെന്നതും ആശങ്ക വർധിപ്പിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com