ADVERTISEMENT

കൂത്താട്ടുകുളം ∙ തിരുമാറാടി  പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് 45 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടും ടാങ്ക് സ്ഥാപിക്കാൻ സ്ഥലം ലഭിക്കാതെ അധികൃതർ. ടാങ്ക് സ്ഥാപിക്കാൻ അനുയോജ്യമെന്ന് ജല അതോറിറ്റിയും പഞ്ചായത്തും കണ്ടെത്തിയ മണ്ഡലംമലയിൽ ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ മധ്യഭാഗത്തായി ഏറ്റവും ഉയരമുള്ള  സ്ഥലമാണ് മണ്ഡലം മല. നിലവിലെ വെട്ടിമൂട് പമ്പ്ഹൗസ് ഇതിനു സമീപമായതിനാൽ ടാങ്ക് ഇവിടെ സ്ഥാപിക്കുന്നത് പദ്ധതിയുടെ നിർമാണച്ചെലവ് ഗണ്യമായി കുറയ്ക്കും.

നിലവിലെ ‌ലൈനുകൾ തന്നെ ഉപയോഗിക്കാനും കഴിയും. കക്കാട് നിന്ന് ഗ്രാവിറ്റിയിൽ വെള്ളം ഒഴുകിയെത്തുമെന്നതിനാൽ വെട്ടിമൂട്ടിൽ നിന്ന് ടാങ്കിലേക്കു കുറഞ്ഞ ദൂരത്തിലെ പമ്പിങ് മാത്രമേ വേണ്ടി വരൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മണ്ഡലംമലയിൽ ടാങ്കിന് സ്ഥലം അനുവദിക്കാമെന്ന് ഏറ്റിരുന്ന സ്ഥലഉടമകൾ കൂടുതൽ വില ചോദിക്കുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നും മണ്ഡലംമല സംരക്ഷണസമിതി കുറ്റപ്പെടുത്തി.

മേഖലയിൽ വിവിധയിടങ്ങളിലായി നടക്കുന്ന പാറഖനനം വ്യാപിപ്പിക്കുന്നതിന് നിർദിഷ്ട ടാങ്ക് തടസ്സമാകുമെന്നു കണ്ട് ചില കേന്ദ്രങ്ങൾ കുപ്രചരണങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്ന് സമിതി ഭാരവാഹികളായ അജി ഏബ്രഹാം, ജോൺസൺ ജോർജ്, സി.എം.ഷിബുമോൻ, പി.ടി.സജീവൻ എന്നിവർ പറഞ്ഞു. മലയിലെ പുറമ്പോക്ക് എത്രയും വേഗം അളന്നു തിരിച്ച് ടാങ്കിന് ഇടം കണ്ടെത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ജലജീവൻ മിഷനിൽ അനുമതി ലഭിച്ച പദ്ധതി 2024ൽ കമ്മിഷൻ ചെയ്യേണ്ടതാണ്. ടാങ്കിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ഡലംമലയാണെന്നു കാണിച്ച് ജലഅതോറിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com