ADVERTISEMENT

മൂവാറ്റുപുഴ∙ സുരക്ഷാ മാനദണ്ഡം പാലിക്കാതെ 14 വിദ്യാർഥികളെ കുത്തിനിറച്ചു പോയ ഓട്ടോറിക്ഷ നാട്ടുകാരുടെ പരാതിയെ തുടർന്നു മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടും റോഡ് സുരക്ഷ സ്റ്റിക്കറും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാത്ത വാഹനത്തിൽ വിദ്യാർഥികളെ കൊണ്ടുപോയ ഓട്ടോ ഡ്രൈവർക്കും ഉടമയ്ക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തു.ഇന്നലെ രാവിലെ കിഴക്കേക്കര ഈസ്റ്റ് ഗവൺമെന്റ് സ്കൂളിനു സമീപമാണ് അപകടകരമായ രീതിയിൽ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ പിടിയിലായത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ചിദംബരത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർ വാഹനത്തിന് ഇരു വശത്തും കൈവരികൾ ഇല്ലെന്നും ഡ്രൈവറുടെ കാലിന് പരുക്കേറ്റിരുന്നതിനാൽ വാഹനം ഓടിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും കണ്ടെത്തി. കുട്ടികളിൽ ഏറെപ്പേരെയും വാഹനത്തിൽ നിർത്തിയാണ് കൊണ്ടുപോയത്.ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിൽ തന്നെ വിദ്യാർഥികളെ ഉദ്യോഗസ്ഥർ സ്കൂളിൽ എത്തിച്ചു. വൈകിട്ട് വിദ്യാർഥികൾക്കു മറ്റൊരു വാഹനം ഏർപ്പെടുത്താൻ സ്കൂളിലെ അധ്യാപകരെ ചുമതലപ്പെടുത്തി.

മൂവാറ്റുപുഴയിലെ വിവിധ സ്കൂളിലേക്കുള്ള വിദ്യാർഥികളെയാണ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്നിരുന്നത്. സംഭവത്തെ തുടർന്ന് ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ജി.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറോളം സ്കൂൾ വാഹനങ്ങൾ തിങ്കളാഴ്ച പരിശോധിച്ചു. ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയ ഇരുപതോളം വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരും. കൈവരികളും സുരക്ഷാ റെയിലുകളും ഇല്ലാത്ത വാഹനങ്ങൾ, കുട്ടികളെ തിക്കി നിറച്ചു കൊണ്ടു പോകുന്ന വാഹനങ്ങൾ, അമിത വേഗത്തിലോടുന്ന സ്കൂൾ വാഹനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com