ADVERTISEMENT

കാക്കനാട്∙ ജില്ലാ ആസ്ഥാനത്തേക്കു മെട്രോ റെയിൽ നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറി കാത്തിരിപ്പു തുടങ്ങിയിട്ടു മാസങ്ങളായി. ഓഫിസുകൾ കയറി ഇറങ്ങിയിട്ടും പണം കിട്ടുന്നില്ല. ഭൂ ഉടമകൾക്കു നൽകാൻ പണമില്ലാത്തതാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രശ്നം. 100 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടു കെഎംആർഎല്ലിനു  കത്തു നൽകി. ഉടൻ തരാമെന്ന മറുപടിയല്ലാതെ നടപടികൾ പുരോഗമിക്കുന്നില്ല. സിവിൽ ലൈൻ റോഡിൽ സ്ഥലം വിട്ടു നൽകുന്ന വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂ ഉടമകൾക്കാണ് വില കൈമാറാനുള്ളത്. അനുവദിച്ച ഫണ്ട് തീർന്നു.

8 മാസമായി വിതരണം നടക്കുന്നില്ല. വാടകക്കാരായ ഒട്ടേറെ വ്യാപാരികൾക്കും നഷ്ട പരിഹാരം നൽകാനുണ്ട്. സ്ഥല വിലയായി ഇതിനകം 139 കോടി രൂപ വിതരണം ചെയ്തു. കാക്കനാട് വില്ലേജ് പരിധിയിലെ എല്ലാ പ്ലോട്ടുകൾക്കും വില അനുവദിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട ഉടമകൾക്കും വാടകക്കാർക്കും വെവ്വേറെ ആനുകൂല്യങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യവും നൽകുന്നുണ്ട്. വിപണി വിലയും ന്യായവില റജിസ്റ്ററും 3 വർഷത്തിനിടയിൽ പരിസരത്തു നടന്ന സ്ഥലമിടപാടുകളുടെ ആധാരങ്ങളും പരിശോധിച്ചാണ് ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നിർണയിച്ചത്. സ്ഥലമെടുപ്പിനു 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയുമാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരുന്നത്.

പ്രമാണങ്ങളുടെ പരിശോധന പൂർത്തിയായി

ഫണ്ട് ലഭിച്ചാൽ വില നൽകി ഉടൻ സ്ഥലം കൈവശമെടുക്കാനാകും വിധം പ്രമാണ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പകുതി സ്ഥലവും കൈവശം ലഭിച്ചെങ്കിലും ഇതിന്റെ ഇടയിലുള്ള പല പ്ലോട്ടുകളും വില നൽകാത്തതിനാൽ കൈമാറി കിട്ടിയിട്ടില്ല. ഇതുമൂലം റോഡിലെ ഒരുക്കങ്ങൾ തടസ്സപ്പെടുന്നുണ്ട്. മെട്രോ റെയിൽ നിർമാണത്തിനു മുന്നോടിയായി സിവിൽ ലൈൻ റോഡ് നവീകരണം പൂർത്തിയായി. കലൂർ സ്റ്റേഡിയത്തിൽ നിന്ന് പാലാരിവട്ടം സിവിൽ ലൈൻ റോഡിലൂടെ ബൈപാസ് കടന്ന് ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ വഴി ലിങ്ക് റോഡിലൂടെ സീപോർട്ട് എയർപോർട്ട് റോഡിലെത്തി ഈച്ചമുക്ക്, ചിറ്റേത്തുകര ഐടി റോഡ് വഴിയാണ് മെട്രോ റെയിൽ ഇൻഫോപാർക്കിലെത്തുക.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com