ADVERTISEMENT

വൈപ്പിൻ ∙ വൈപ്പിനിലെ ചില സ്കൂളുകളുടെ  പരിസരങ്ങൾ കേന്ദ്രീകരിച്ച് പൂവാലന്മാരുടേയും സാമൂഹിക വിരുദ്ധരുടേയും  ശല്യം രൂക്ഷമാകുന്നതായി പരാതി.സ്കൂളുകൾ തുറന്ന സമയത്ത് ഉണ്ടായിരുന്ന പൊലീസ് സാന്നിധ്യം  ഇല്ലാതായതോടെയാണ് ഇക്കൂട്ടർ വീണ്ടും  തലപൊക്കിയിരിക്കുന്നത്. ലഹരി മരുന്നുവിൽപനക്കാരും ക്രിമിനൽ കേസുകളിൽ പ്രതികളായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു.

മാസങ്ങൾക്കു മുൻപ് മധ്യമേഖലയിലെ ഒരു സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ കശപിശ സ്കൂളിനു പുറത്ത് സംഘർഷമായി വളരുകയും കൊലപാതക കേസ് പ്രതി ഉൾപ്പെടെയുള്ള ക്രിമിനലുകൾ ഒരു വിഭാഗം വിദ്യാർഥികൾക്ക്  പിന്തുണയുമായി എത്തുകയും ചെയ്ത സംഭവമുണ്ടായി. സ്കൂൾ അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്. ഇതേത്തുടർന്ന് അവർ അടിയന്തരയോഗം വിളിച്ചു ചേർത്ത് രക്ഷകർത്താക്കളെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.

സ്കൂൾ പരിസരങ്ങളിലും വിദ്യാർഥിനികൾ കൂടുതലായി എത്തുന്ന ബസ്‌ സ്‌റ്റോപ്പുകളിലും പൂവാലന്മാരുടെ സാന്നിധ്യം പുതിയ കാര്യമല്ലെങ്കിലും ഇപ്പോൾ ഇക്കൂട്ടരുടെ ശല്യം വർധിച്ചിട്ടുണ്ട്. ഇക്കൂട്ടർ  പെൺകുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളെ ലക്ഷ്യമിടുമ്പോൾ  ലഹരിമരുന്നുകച്ചവടക്കാരാണ് ആൺകുട്ടികളെ വലയിലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഒട്ടുമിക്ക സ്കൂളുകളുടേയും പരിസരങ്ങളിൽ ഇക്കൂട്ടരുടെ സാന്നിധ്യമുണ്ട്.

മുൻകാലങ്ങളിൽ കഞ്ചാവും മറ്റുമാണ് വിറ്റിരുന്നതെങ്കിൽ ഇപ്പോൾ മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും സജീവമാണ്. ചെറിയ കുട്ടികൾ വരെ ഈ സംഘത്തിന്റെ പിടിയിൽപ്പെടുന്ന സാഹചര്യമാണ്. ഇത്തരം കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ  എക്സൈസും താൽപര്യമെടുക്കുന്നില്ല. സ്കൂൾ വിടുന്ന സമയങ്ങളിൽ പൊലീസ് പട്രോളിങ് സജീവമാക്കുന്നത് ഗുണം ചെയ്യുമെന്ന് രക്ഷകർത്താക്കളും  സ്കൂൾ അധികൃതരും പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com