ADVERTISEMENT

കൊച്ചി∙ വ്യാഴാഴ്ച വരെ ജില്ലയിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നു ജില്ലയിൽ അതീവ ജാഗ്രത. ജില്ലാ ദുരന്തനിവാരണ വിഭാഗം ഒരുക്കങ്ങൾ ഊർജിതമാക്കി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ജില്ലയിൽ എൻഡിആർഎഫിന്റെ സംഘമെത്തും. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാറപൊട്ടിക്കൽ, മൈനിങ് പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണം പൂ൪ത്തിയാക്കി.

ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്നതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണം. ഭൂതത്താൻകെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാർ സാധാരണ നിലയിലാണ് ഒഴുകുന്നത്. എന്നാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് 3 അടിയോളം ഉയർന്നു. പുഴ ചെളി നിറഞ്ഞാണ് ഒഴുകുന്നത്. കോതമംഗലം -ഇടുക്കി റോഡിൽ നീണ്ടപാറ പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. 

കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട്

ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയ പശ്ചാത്തലത്തിൽ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കലക്ടർ നിർദേശം നൽകി. റോഡുകളിലെ കുഴികൾ അടയ്ക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള നടപടി സ്വീകരിക്കും. മറൈൻ ഡ്രൈവിലും എംജി റോഡിലും ഇന്നലെ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. റോഡിൽ വെള്ളം നിറഞ്ഞതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. പതിവു പോലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. 

ദേശീയപാതയിൽ ഇടപ്പള്ളിയിലും ചക്കരപ്പറമ്പ് ഭാഗങ്ങളിലും സർവീസ് റോഡിലുമടക്കം വെള്ളം നിറഞ്ഞു. കളമശേരിയിൽ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. തീരദേശ മേഖലയിൽ കടൽ ശാന്തമാണെങ്കിലും നിർത്താതെ പെയ്ത മഴയിൽ സംസ്ഥാന പാതയിലടക്കം പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഉൾറോഡുകൾ വെള്ളത്തിൽ മുങ്ങി.

മലങ്കരയിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക്

മലങ്കര ഡാമിന്റെ ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി. ആറ് സ്പിൽവേ ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം ഉയർത്തിയതോടെ 300.03 ഘന അടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ സാധ്യതയുണ്ട്‌. ഇങ്ങനെ വന്നാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com