ADVERTISEMENT

കൊച്ചി/തൃശൂർ ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ (എൻഎച്ച് 544) നെടുമ്പാശേരിയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തിൽ പൊലീസ് ദേശീയപാത അധികൃതർക്കും കരാറുകാരനും എതിരെ കേസെടുത്തു. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താൻ ശ്രമം നടക്കുന്നു. അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചെന്ന ഐപിസി 279, മറ്റൊരാളുടെ അനാസ്ഥ മൂലമുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ 304(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ ഗട്ടറിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു തെളിയിക്കാനായി വാഹനം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.

കുഴിയടയ്ക്കലുമായി അധികൃതർ

ദേശീയപാതയിൽ കറുകുറ്റി, അരീക്കൽ, നെടുമ്പാശേരി ഭാഗത്ത് ഇന്നലെ കുറച്ചു കുഴികൾ നികത്തി. കരയാംപറമ്പിലെ കുഴികൾ നികത്താനുണ്ട്. ദേശീയപാതയിൽ തൃശൂർ ജില്ലയിലെ ഭാഗങ്ങളിലും എറണാകുളം ജില്ലയിലുൾപ്പെട്ട അങ്കമാലി, നെടുമ്പാശേരി, കറുകുറ്റി, ചിറങ്ങര, മുരിങ്ങൂർ, പോട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളിൽ ചാടുന്ന ഇരുചക്രവാഹന യാത്രക്കാർ നിയന്ത്രണം വിട്ടു റോഡിലേക്കു വീഴാനുള്ള സാധ്യത ഏറെയാണ്. കുഴികളിൽ ചാടാതെ പെട്ടെന്നു ലൈൻ മാറ്റുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി ഇടിച്ചും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.

ഹാഷിമിന്റെ വീട് സന്ദർശിച്ച് സതീശൻ

ഹാഷിമിന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ സന്ദർശിച്ചു. സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ഹാഷിമിന്റെ കുടുംബത്തിന് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന–കേന്ദ്ര സർക്കാരുകൾ തമ്മിൽ കുഴികളുടെ എണ്ണത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ്. ദേശീയ കുഴി ആയാലും സംസ്ഥാന കുഴി ആയാലും വീഴുന്നത് മനുഷ്യരാണ്. എല്ലാ സഹായവും ഹാഷിമിന്റെ കുടുംബത്തിന് ഉറപ്പു വരുത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ.ജോസഫ്, ടി.എ.മുജീബ്, കെ.എം.ലൈജു, എ.എം.അലി, ടി.എ.നവാസ്, പി.എ.സക്കീർ എന്നിവരും കൂടെയുണ്ടായിരുന്നു.

ടോൾപ്ലാസ ഉപരോധിച്ചു

ഹാഷിം മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും തൃശൂർ പാലിയേക്കരയിലെ ടോൾപ്ലാസ ഉപരോധിച്ചു. കുഴികൾ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കരുമാലൂർ പഞ്ചായത്ത് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങളിലെത്തിയ അൻപതോളം പേരടങ്ങിയ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടോൾ ബൂത്തുകൾ സമരക്കാർ ഉപരോധിച്ചതോടെ ടോൾ പിരിവും തടസ്സപ്പെട്ടു. കുഴികൾ അടയ്ക്കുന്നതുവരെ ടോൾ പിരിക്കാൻ കമ്പനിയെ അനുവദിക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com