ADVERTISEMENT

കളമശേരി∙ സ്വകാര്യ വഴിയിൽ കൂട്ടം ചേർന്ന് വിദ്യാർഥികളുടെ പുകവലി. സിഗരറ്റ് കുറ്റികൾ വഴിയിൽ നിറയുന്നത് സഹിക്കാൻ കഴിയാതെ വീട്ടുകാർ അവസാനശ്രമമെന്ന നിലയിൽ ‘ ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’ എന്ന ബോർഡ് സ്ഥാപിച്ചു. എച്ച്എംടി ജംക്‌ഷനിലാണ് സംഭവം. വൈകിട്ട് കോളജ് വിടുമ്പോൾ 3 മുതൽ 5 മണിവരെ സ്വകാര്യ വഴി വിദ്യാർഥികളുടെ പുകവലി കേന്ദ്രമാണ്. കെട്ടിടങ്ങളിലെ താമസക്കാർക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ‘ഇത് പൊതുവഴിയല്ല, പുകവലി ആരോഗ്യത്തിനു ഹാനികരം, ഇവിടെ പുകവലി പാടില്ല’ എന്ന ബോർഡ് ആദ്യം വഴിയുടെ കവാടത്തിൽ തൂക്കി. ഫലം കണ്ടില്ല.

പിന്നീട് ‘നിങ്ങൾ പൊലീസ് നിയന്ത്രണത്തിലുള്ള സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്’ എന്നെഴുതിയ ഫ്ലെക്സ് ബാനർ ഗേറ്റിൽ തൂക്കി. എന്നിട്ടും വിദ്യാർഥികൾ പിന്മാറിയില്ല. സിഗരറ്റ് കൂടുകളും വലിച്ചു തള്ളുന്ന കുറ്റികളും നിരോധിത പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളും വഴിയിൽ നിറഞ്ഞതോടെയാണു കെട്ടിട ഉടമകൾ ‘ചാണകം ഏറ് ഉറപ്പ്’ എന്ന ബോർഡ് സ്ഥാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന പാടില്ലെന്ന നിയമം ലംഘിച്ചു സമീപത്തെ ഒരു കടയിൽ സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും യഥേഷ്ടം വിൽപന നടത്തുന്നുണ്ട്.

കടയുടെ സമീപത്തു തന്നെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. പൊതുസ്ഥലത്തു പുകവലി നിരോധിച്ചിട്ടുള്ളതാണ്. പൊലീസിലും നഗരസഭയിലും യാത്രക്കാർ പരാതിപ്പെട്ടിട്ടും  നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. എച്ച്എംടി ജംക്‌ഷനിലെ മസ്ജിദ് റോഡിലും പുകവലിക്കാരായ വിദ്യാർഥികളുടെ ശല്യം വർധിച്ചുവരുന്നതു ബുദ്ധിമുട്ടായിരിക്കുകയാണ്. ഐടിഐ– മൂലേപ്പാടം റോഡിൽ പുകവലിക്കാരും ലഹരിവിൽപനക്കാരും ശല്യമായപ്പോൾ നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചപ്പോൾ വലിയ കുറവു വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com