ADVERTISEMENT

പെരുമ്പാവൂർ ∙ യാത്രക്കാരുടെ നടുവൊടിച്ച് എ എം റോഡിലെ കുഴികൾ. പ്രതിഷേധത്തെ തുടർന്ന് ക്രഷർ പൊടിയും  മെറ്റലും ഉപയോഗിച്ചു കുഴി അടയ്ക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഫലപ്രദമല്ലെന്നാണു യാത്രക്കാർ പറയുന്നത്. വൈദ്യശാലപ്പടി മുതൽ ഓടക്കാലി പാച്ചുള്ളപ്പടി വരെയാണ് ഏറ്റവും കൂടുതൽ കുഴികൾ. മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്തിയത് പലയിടത്തും തകർന്ന് വലിയ കുഴികളായി. ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ അറ്റകുറ്റപ്പണികളാണ് മഴയത്ത് ഒലിച്ചു പോയത്. 

ഏപ്രിലിൽ റോഡ് ബിഎം ബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിനു ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 7 കോടി രൂപ അനുവദിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയപ്പോഴേക്കും മഴക്കാലമായി. 8 കിലോമീറ്റർ റോഡ് പുനരുദ്ധാരണവും കാനകളുടെ നിർമാണവുമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. മഴയത്ത് ക്രഷർ പൊടി ഒലിച്ചു പോകും. വെയിൽ തെളിയുമ്പോൾ കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പൊടി പറക്കും. ബൈക്ക് യാത്രക്കാർക്കാണു കൂടുതൽ ദുരിതം. മാസങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ് യാത്രക്കാർ. 

 കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച വാഹനം ഇടിച്ചു എഎം റോഡിൽ ഒരു വർഷത്തിനിടെ  4 പേർ മരിച്ചു. 

∙2021ഒക്ടോബർ 6 നു ചെറുകുന്നം വായ്ക്കാട്ട്  നാരായണൻ നായർ  (91) മരിച്ചത് കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് ഇടിച്ചാണ്. 

∙കുറുപ്പംപടി എംജിഎം സ്കൂളിനു സമീപത്തെ കുഴിയിൽ ചാടാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞു ചെറുകുന്നം ആട്ടുപുറത്ത് മഹേഷ് (34 ) മരിച്ചത് കഴിഞ്ഞ പൂജാ അവധിക്കാലത്താണ്. 

∙തൊഴിലുറപ്പു പദ്ധതി തൊഴിലിനു പോകുകയായിരുന്ന ചെറുകുന്നം മാലിൽ വീട്ടിൽ മേരി സെബാസ്റ്റ്യൻ (54 ) ജൂണിൽ ബസ് ഇടിച്ചു മരിച്ചു. 

∙ ജൂലൈ 3 നു കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ പൂവത്തൂർ അത്തിപ്പിള്ളി വീട്ടിൽ ദിലീപ് ( 45) മരിച്ചു. കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച കാറാണ് ദിലീപിന്റെ ജീവനെടുത്തത്. 

പാച്ചുള്ളപ്പടിക്കു സമീപമായിരുന്നു അപകടം. ബൈക്കുകൾ കുഴിയിൽ  വീണു യാത്രികർക്കു പരുക്കേൽക്കുന്ന സംഭവങ്ങൾക്ക് വേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com