ADVERTISEMENT

ഏലൂർ ∙ നഗരസഭയിൽ നിന്നു സർവീസ് നടത്തുന്ന ഒരു വിഭാഗം ബസ് ജീവനക്കാർ ഇന്നലെ നടത്തിയ മിന്നൽ പണിമുടക്ക് ജനങ്ങളെ വലച്ചു. സൂചനാ പണിമുടക്കെന്ന പേരിൽ മുൻകൂട്ടി അറിയിക്കാതെയാണ് ഇന്നലെ സർവീസ് നിർത്തിവച്ചത്. യാത്രക്കാർ രാവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തി ഏറെ നേരം കാത്തിരുന്നപ്പോഴാണു പണിമുടക്കാണെന്ന് അറിഞ്ഞത്. ജോലി സ്ഥലത്തേക്കു പോകുന്ന തൊഴിലാളികളുടെയും സ്കൂൾ വിദ്യാർഥികളുടെയും യാത്ര തടസ്സപ്പെട്ടു.

പൊതുഗതാഗതം തീരെക്കുറവായ ഏലൂരിൽ അപ്രതീക്ഷിതമായി നടത്തിയ ബസ് പണിമുടക്കിനെതിരെ പ്രതിഷേധവും ഉയർന്നു.  സർവീസ് മുടക്കിയ ബസുകൾക്കെതിരെ ആർടിഒ നിയമനടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കിലോമീറ്ററുകളോളം നടന്നും ഓട്ടോറിക്ഷകളെ ആശ്രയിച്ചുമാണ് അത്യാവശ്യക്കാർ യാത്ര ചെയ്തത്. ഒട്ടുമിക്ക കുട്ടികളുടെയും പഠനം ഇന്നലെ മുടങ്ങി. തൊഴിലാളികൾക്കു ജോലിക്കു പോകാനുമായില്ല. 6 ബസുകളാണു സർവീസ് നിർത്തിവച്ചത്.

മുതലാളിമാർ തൊഴിലാളികളെ സംരക്ഷിക്കണമെന്നും കള്ള പരാതിയിലാണു കഴി‍ഞ്ഞ ദിവസം പൊലീസ് കേസെടുത്തതെന്നും ബസ് തൊഴിലാളികൾക്കെതിരെയുള്ള കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്ക് നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഏലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ സഞ്ചരിക്കുന്നതിനിടെ ബസിൽ വീണു പരുക്കേറ്റ യാത്രക്കാരി പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും കോടതിക്കു കൈമാറുകയും ചെയ്തു.

പരാതി വ്യാജമല്ല: യാത്രക്കാരി

ബസ് ജീവനക്കാർക്കെതിരെ പൊലീസിൽ നൽകിയ പരാതി വ്യാജമല്ലെന്നു യാത്രക്കാരിയും ഏലൂരിലെ ആശാ വർക്കറുമായ ശ്യാമ അറിയിച്ചു. ‘പാതാളം ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ സേവനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനാണു പാതാളത്തു നിന്നു ബസിൽ കയറിയത്. ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. 20 രൂപ നൽകിയപ്പോൾ 6 രൂപ കൂടി വേണമെന്നു കണ്ടക്ടർ പറഞ്ഞു. ഇതനുസരി‍ച്ചു 10 രൂപ കൂടി നൽകി. പാതാളം മുതൽ ഈ ബസും മറ്റൊരു ബസും തമ്മിൽ മത്സരമായിരുന്നു.

ടിസിസിക്കു സമീപമെത്തിയപ്പോൾ രണ്ടു ബസും ഒപ്പത്തിനൊപ്പമാണു റോഡിൽ സഞ്ചരിച്ചത്. ബസ് പെട്ടെന്നു ബ്രേക്കിട്ടപ്പോൾ വീണ് വലതു കൈക്കു പരുക്കേറ്റു. ഖേദം പ്രകടിപ്പിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും നിർത്തിയില്ല. ഫാക്ട് ജംക്‌ഷനിൽ ബസ് നിർത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബസുകളുടെ അമിതവേഗത്തിലും മത്സരത്തിലും നിന്നു ഒരു ഇരുചക്രവാഹനയാത്രക്കാരൻ തലനാരിഴക്കാണു രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com