ADVERTISEMENT

പുത്തൻവേലിക്കര ∙ പ‍ഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് 8–ാം വാർഡിലെ തെനപ്പുറം. ഓരോ തവണ വെള്ളം ഉയരുമ്പോഴും ഗ്രാമത്തെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന സ്ഥലവും ഇതുതന്നെ. ചെറുതായി ജലനിരപ്പുയർന്നാൽ പോലും വഴികളും വീട്ടുമുറ്റങ്ങളും വെള്ളത്തിലാകും. ഏറ്റവും ആദ്യം വെള്ളം കയറുന്നത് ഇവിടെയാണ്. ഏറ്റവും അവസാനം വെള്ളം ഇറങ്ങിപ്പോകുന്നതും ഇവിടെ നിന്നാണ്. ഇവിടെയുള്ള 50 വീട്ടുകാരും സാധാരണക്കാരാണ്. 12 വീട്ടുകാർക്കാണു കൂടുതൽ ദുരിതം. ഏതാനും ദിവസങ്ങളായി മഴ മാറി നിൽക്കുകയാണെങ്കിലും പല വീട്ടുമുറ്റത്തും ഇപ്പോഴും വെള്ളമുണ്ട്. തെനപ്പുറത്തേക്കു പോകാൻ ഒരു വഴിയേയുള്ളൂ. ആ റോഡിൽ മുട്ടുകാൽ പൊക്കത്തിൽ വെള്ളമുണ്ട്.

എല്ലാ വർഷവും മഴക്കാലത്തു രണ്ടു മൂന്നു തവണ ഇവിടത്തുകാർക്കു വീടു വിട്ടു പോകേണ്ടി വരുന്നു. 2018ലെ പ്രളയത്തിനു മുൻപും ഇതു തന്നെയാണ് അവസ്ഥ. റോഡ് ഉയർത്തി ടാർ ചെയ്തു നൽകിയാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു പോകുമ്പോഴെങ്കിലും സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നു നാട്ടുകാരനായ മുപ്പതുപറയിൽ ആണ്ടവൻ പറഞ്ഞു. എന്നാൽ, അതിനുള്ള നടപടികൾ പോലും അധികൃതർ സ്വീകരിക്കുന്നില്ല. വെള്ളം പൊങ്ങുമ്പോൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വന്നുപോകുന്നതല്ലാതെ തങ്ങളുടെ ദുരിതം ഒഴിവാക്കാൻ പദ്ധതി ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. വെള്ളം കയറുമ്പോൾ ഉപയോഗിക്കാൻ പഞ്ചായത്ത് വാങ്ങിയ ബോട്ടുകൾ ഇവിടെ ഉപയോഗിക്കാതിരുന്നതിലും നാട്ടുകാർക്കു പ്രതിഷേധമുണ്ട്.

നിലവിലുള്ള തോടുകളിലെ കയ്യേറ്റങ്ങളും കൃഷി നടത്തുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കാഞ്ഞിരക്കാട്ട് സ്ലൂസ് ഉപയോഗശൂന്യമായതും പണ്ടുകാലത്ത് തെനപ്പുറത്തു വ്യാപകമായി ഇഷ്ടികക്കളങ്ങൾ ഉണ്ടായിരുന്നതും കാരണങ്ങളാണെന്ന്     പുത്തൻവേലിക്കര കമ്യൂണിറ്റി റിസോഴ്സ് സെന്റർ കോ–ഓർഡിനേറ്റർ എം.പി.ഷാജൻ പറഞ്ഞു. തെനപ്പുറത്തു നിന്നു ചെറുകടപ്പുറം തോട് വഴി ചാലക്കുടിയാറിലേക്കും പെരിയാറിലേക്കും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com