ADVERTISEMENT

മുളന്തുരുത്തി∙ മണ്ണറിഞ്ഞ്, കൃഷിയറിഞ്ഞ് സ്കൂൾ മുറ്റം കാർഷിക സമൃദ്ധമാക്കി പുളിക്കമാലി ഗവ. ഹൈസ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും. സ്കൂൾ വളപ്പിൽ 1000 ഗ്രോബാഗുകളിൽ ഇവർ നടത്തിയ വെണ്ടക്കൃഷി വിളവെടുപ്പിനൊരുങ്ങി. അസംബ്ലിക്കു വരിയായി നിൽക്കുന്ന കുട്ടികൾക്കൊപ്പം സ്കൂൾ മുറ്റത്ത് നിരയായി ഗ്രോബാഗുകളിൽ ഇപ്പോൾ വെണ്ടയും ഉയർന്നു നിൽക്കുകയാണ്. 102 വിദ്യാർഥികളുടെ പരിചരണത്തിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹരിതസേനയുടെയും സ്കൂളിലെ ബയോഡൈവേഴ്സിറ്റി, ഇക്കോ ക്ലബ്ബുകളുടെയും മേൽനോട്ടത്തിലായിരുന്നു വെണ്ടക്കൃഷി.

ജില്ലാ പഞ്ചായത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയിൽപെടുത്തി കിലയുമായി ചേർന്നാണു സ്കൂളിൽ ഗ്രോബാഗിൽ വെണ്ടക്കൃഷി പദ്ധതി നടപ്പാക്കിയത്. സ്കൂൾ വളപ്പിൽ ഒരേ കൃഷി തന്നെ ഇത്രയധികം ചെയ്യുന്നതും ഇതാദ്യമാണ്.ഹരിതസേനയിലെ 2 പേർ ഓരോ ദിവസവും കൃത്യമായി നിരീക്ഷണം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ രീതിയിലായിരുന്നു പരിചരണം. അവധി ദിവസങ്ങളും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കൃഷിക്കായി നീക്കിവച്ചു. സ്കൂളിൽ തന്നെ നിർമിച്ച ജീവാണുവളം, ചാണകപ്പൊടി, പുകയില കഷായം എന്നിവയാണ് വളം.

പഠനത്തോടൊപ്പം വിദ്യാർഥികളിൽ കാർഷിക വിദ്യാഭ്യാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടായ പരിശ്രമത്തിലൂടെ കൃഷി ചെയ്യുന്നതെന്നു എസ്എംസി ചെയർമാൻ എ.എ. സുരേഷ് പറഞ്ഞു. കാർഷിക രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളിനാണു മുളന്തുരുത്തി പഞ്ചായത്തിലെ ഇത്തവണത്തെ കാർഷിക വിദ്യാലയത്തിനുള്ള അവാർഡ്. ഇന്നു രാവിലെ 11ന് അനൂപ് ജേക്കബ് എംഎൽഎ വെണ്ടക്കൃഷി  വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ അധ്യക്ഷത വഹിക്കും. വിളവെടുക്കുന്ന വെണ്ട സ്കൂളിലെ ആവശ്യത്തിനും ബാക്കി വരുന്നത് സ്വയംസഹായ സംഘങ്ങൾക്കും നൽകുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com