ADVERTISEMENT

കാക്കനാട്∙ വിദ്യാർഥി മാറി എടുത്തു കൊണ്ടുപോയ സ്കൂട്ടറിന്റെ പേരിൽ ഉടമയും പൊലീസും ഏറെ നേരം വട്ടം കറങ്ങി. എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിലെ പലചരക്കു വ്യാപാരി കാഞ്ഞിരത്തിങ്കൽ ഇ.ഐ.സുബൈറിന്റെ സ്കൂട്ടർ കാണാതായതാണ് സംഭവങ്ങൾക്കു തുടക്കം. ഇന്നലെ രാവിലെ 8നു കടയുടെ മുൻപിൽ സ്കൂട്ടർ വച്ചു കട തുറന്ന സുബൈർ 11നാണ് സ്കൂട്ടർ നഷ്ടപ്പെട്ടത് അറിഞ്ഞത്. അന്വേഷിച്ചിട്ടും കിട്ടാതെ വന്നതോടെ തൃക്കാക്കര പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട സ്കൂട്ടറുമായി ഉച്ചയ്ക്കു പന്ത്രണ്ടരയോടെ രണ്ടു വിദ്യാർഥികളെത്തി ആരുടെയെങ്കിലും സ്കൂട്ടർ കാണാതെ പോയിട്ടുണ്ടോയെന്നു ചോദിച്ചതാണ് സംഭവത്തിന്റെ രണ്ടാം ഭാഗം.

സുബൈറിനോടു തന്നെയായിരുന്നു വിദ്യാർഥികളുടെ അന്വേഷണം. സംഭവം വിശദീകരിച്ചപ്പോൾ കേട്ടു നിന്നവർക്കു ചിരി. ഭാരതമാത കോളജിലെ ഒരു വിദ്യാർഥി തന്റെ സ്കൂട്ടർ എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിൽ വച്ച ശേഷം സുഹൃത്തിന്റെ വാഹനത്തിലാണ് കോളജിലേക്ക് പോയത്. കോളജിലെത്തിയ വിദ്യാർഥി എൻജിഒ ക്വാർട്ടേഴ്സിൽ നിന്നു സ്കൂട്ടർ എടുക്കാൻ സഹപാഠിയെ താക്കോൽ ഏൽപിച്ചു. വിദ്യാർഥി പറഞ്ഞ സ്ഥലവും അടയാളവും നോക്കി സഹപാഠി എൻജിഒ ക്വാർട്ടേഴ്സിൽ നിന്നു സ്കൂട്ടർ കോളജിലെത്തിച്ചു.

ഉച്ചയ്ക്കു ക്ലാസ് കഴിഞ്ഞപ്പോഴാണ് സ്കൂട്ടർ മാറിപ്പോയ വിവരം വിദ്യാർഥി അറിയുന്നത്. പരിഭ്രമിച്ച വിദ്യാർഥികൾ സ്കൂട്ടറുമായി എൻജിഒ ക്വാർട്ടേഴ്സിൽ തിരികെ എത്തിയപ്പോഴാണ്  സുബൈറിനോട് വിവരം ചോദിച്ചത്. സുബൈറും വിദ്യാർഥികളും പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിച്ചു. വിദ്യാർഥികളുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെടുകയും ചെയ്തു. വിദ്യാർഥിയുടെ സ്കൂട്ടർ എൻജിഒ ക്വാർട്ടേഴ്സിൽ സുരക്ഷിതമായി കണ്ടെത്തി. ചില സ്കൂട്ടറുകളുടെ താക്കോൽ മറ്റു സ്കൂട്ടറുകൾക്കും ചേരുമെന്ന മുന്നറിയിപ്പു നൽകിയാണ് എല്ലാവരെയും പൊലീസ് തിരിച്ചയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com