ADVERTISEMENT

കളമശേരി ∙ ടിവിഎസ് ജംക്‌ഷനിൽ ദേശീയപാതയ്ക്കു സമീപത്തെ പൈപ്പിലെ ചോർച്ച വാട്ടർ അതോറിറ്റിയെ ‘വെള്ളം കുടിപ്പിച്ചു’. വെള്ളം പൊങ്ങിയ ഭാഗത്തു കുഴിയെടുത്തുവെങ്കിലും ചോർച്ച കണ്ടെത്താൻ 8 മീറ്ററോളം നീളത്തിൽ കുഴിക്കേണ്ടി വന്നു. ദേശീയപാതയ്ക്കരികിൽ എത്തിയപ്പോൾ പൈപ്പിലെ വിള്ളൽ കണ്ടെത്താനായതു ഉദ്യോഗസ്ഥർക്കു ആശ്വാസമായി. ദേശീയപാതക്കു കുറുകെ സ്ഥാപിച്ചിട്ടുള്ള 175 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് പൊട്ടിയത്. 

ദേശീയപാതയിൽ നിന്നു സൗത്ത്കളമശേരി റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണു പൈപ്പ് തകർന്നത്. 1970ൽ കളമശേരി പമ്പ് ഹൗസിൽ നിന്നു കൊച്ചി സർവകലാശാലയിലേക്കു 3 മീറ്ററോളം ആഴത്തിൽ സ്ഥാപിച്ച പൈപ്പാണ് വട്ടം പൊട്ടിയത്. ഒരാഴ്ച മുൻപാണ് റോഡിൽ വെള്ളം ഉയർന്നത്. 175 എംഎം കാസ്റ്റ് അയേൺ പൈപ്പ് കളമശേരിയിൽ സർവകലാശാലയിലേക്കു മാത്രമേ സ്ഥാപിച്ചിട്ടുള്ളു. ഈ അളവിലുള്ള കാസ്റ്റ് അയേൺ പൈപ്പ് ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ചോർച്ച പരിഹരിക്കുന്നതിനു തടസങ്ങളുണ്ട്. 

ഈ അളവിലുള്ള പിവിസി പൈപ്പ് കിട്ടാനുണ്ടെങ്കിലും പഴയ പൈപ്പുമായി പിവിസി പൈപ്പിനെ ബന്ധിപ്പിക്കുന്നതു ബുദ്ധിമുട്ടേറിയ ജോലിയാണ്. ക്ലാംപ് നിർമിച്ചു ഘടിപ്പിക്കുന്നതിനു 2 ദിവസമെങ്കിലും വേണ്ടിവരുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. കളമശേരി പമ്പ് ഹൗസിലെ വാൽവിലെ തകരാർ പരിഹരിക്കാൻ കഴിയാതിരുന്നതിനാൽ പൈപ്പിലൂടെയുള്ള ഒഴുക്കും നിയന്ത്രിക്കാനായില്ല. ഈ വാൽവിന്റെ തകരാറും പരിഹരിക്കണം. ക്ലാംപ്  ലഭിക്കുന്നതുവരെ  റോ‍ഡിലുണ്ടാക്കിയ കുഴി മണ്ണിട്ടു മൂ‌‌ടിയിടാൻ തീരുമാനമായി. അപകടമുണ്ടാകാതിരിക്കാൻ റോ‍ഡിൽ മുളകൾ ഉപയോഗിച്ചു വേലി കെട്ടി സുരക്ഷ ഏർപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com