ADVERTISEMENT

കാസർകോട്/കൊച്ചി∙ കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്നു സംശയിക്കുന്ന കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങൽ അയനിക്കാട് മഠത്തിൽമുക്ക് കോഴിത്തട്ടത്താഴെ കെ.കെ.അർഷാദ്, കൊയിലാണ്ടി ഇരിങ്ങൽ കുന്നുമ്മൽ ഹൗസിൽ കെ.അശ്വന്ത് എന്നിവർ മഞ്ചേശ്വരത്തു പിടിയിലായി. ഇവരുടെ ബാഗിൽ‌ 1.56 കിലോഗ്രാം കഞ്ചാവ്, 5.2 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹഷീഷ് എന്നിവ കണ്ടെത്തി.

മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി പൊതിഞ്ഞുകെട്ടി ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഡക്ടിൽ തള്ളിക്കയറ്റിയ നിലയിൽ കണ്ടെത്തിയ കേസിൽ ഇൻഫോപാർക്ക് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണു പ്രതികൾ മഞ്ചേശ്വരത്തു പിടിയിലായത്. കാസർകോട് ഡിവൈഎസ്പി വി.വി.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എസ്ഐ അൻസാറും സംഘവും പ്രതികളെ പിടികൂടിയത്. ഇരുചക്രവാഹനത്തിൽ കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.

പൊലീസിനെ കണ്ടു സ്കൂട്ടർ ഉപേക്ഷിച്ചു മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കടന്നെങ്കിലും പിടിയിലാവുകയായിരുന്നു. അർഷാദ് രണ്ടു മാസം മുൻപു വീടു വിട്ടു പോയതാണെന്നും 10 ദിവസം മുൻപു നാട്ടിലേക്കു വരാൻ 500 രൂപ ആവശ്യപ്പെട്ടു ഭാര്യയ്ക്കു സന്ദേശം അയച്ചെന്നും ഈ പണം നൽകിയെന്നും പിതാവ് പറഞ്ഞു. തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ പി.വി.ബേബി, ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

മുപ്പതോളം മുറിവുകൾ

തലയിലും നെഞ്ചിലും കഴുത്തിലുമുള്ള ആഴമുള്ള മുറിവുകളാണു സജീവിന്റെ മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. മുപ്പതോളം മുറിവുകൾ ദേഹത്തുണ്ടായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ടുള്ള മുറിവുകളാണെന്നാണു കരുതുന്നത്. സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വണ്ടൂർ അമ്പലപ്പടിയിലെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT